കൊവിഡ് ബാധിച്ച് മരിച്ചയാളെ ഖബറടക്കാന്‍ വിസമ്മതിച്ച് ഖബര്‍സ്ഥാന്‍ അധികൃതര്‍: മുംബൈയില്‍ മരിച്ച മുസ്ലീമിനെ ഹിന്ദു ശ്മശാനത്തില്‍ ദഹിപ്പിച്ചു

മുംബൈ: കൊവിഡ് ബാധിച്ച് മരിച്ച മുസ്ലീം മത വിശ്വാസിയെ ഖബര്‍സ്ഥാന്‍ അധികൃതര്‍ ഖബറടക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദഹിപ്പിച്ചു. മുംബൈയിലെ മലാദില്‍ നിന്നുള്ള 65 കാരനെയാണ് ഖബറടക്കാന്‍ ഖബര്‍സ്ഥാന്‍ അധികൃതര്‍ സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ഹിന്ദു ശ്മശാനത്തില്‍ ദഹിപ്പിച്ചത്.

ബുധനാഴ്ച രാവിലെ ജോഗേഷ്വരി ഈസ്റ്റിലെ ആശുപത്രിയില്‍ വച്ചായിരുന്നു ഇയാള്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം ഖബര്‍ അടക്കാന്‍ മലാദ് മല്‍വാദ്നി ഖബര്‍സ്ഥാനില്‍ കൊണ്ടുപോയെങ്കിലും ഖബറടക്കാന്‍ ട്രസ്റ്റികള്‍ സമ്മതിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊറോണ ബാധിച്ച് മരിച്ചെന്ന കാരണത്താലാണ് ഇതു നിഷേധിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തില്‍ പോലിസ് ഇടപെട്ടെങ്കിലും ട്രസ്റ്റികള്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെടുകയും രാവിലെ പത്തുമണിയോടെ സമീപത്തെ ഹിന്ദു ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുകയുമായിരുന്നുവെന്നും ബന്ധു പറഞ്ഞു.

മരണം സ്ഥിരീകരിച്ച ശേഷം തന്നെ സഹായിക്കാന്‍ ആരും എത്തിയില്ലെന്നും മൃതദേഹത്തിന് സമീപം ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും മകന്‍ പറഞ്ഞു. അദ്ദേഹത്തെ മലാദിലെ ഖബര്‍സ്ഥാനില്‍ അടക്കണമായിരുന്നു. എന്നാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന കാരണത്താല്‍ ട്രസ്റ്റ് ഭാരവാഹികള്‍ തടയുകയായിരുന്നുവെന്ന് മകനും ആരോപിച്ചു.

Exit mobile version