മഹാരാഷ്ട്രയില്‍ നിന്ന് രാജസ്ഥാനിലേയ്ക്ക് നടന്നുപോയ കുടിയേറ്റ തൊഴിലാളികളെ ട്രക്ക് ഇടിച്ച് തെറിപ്പിച്ചു; നാല് മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ നിന്ന് രാജസ്ഥാനിലെ തങ്ങളുടെ ഗ്രാമത്തിലേയ്ക്ക് കാല്‍നടയായി യാത്ര തിരിച്ച കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ട്രക്ക് ഇടിച്ച് കയറ്റി. നാല് പേര്‍ക്ക് ദാരുണാന്ത്യം, അപകടത്തില്‍ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. രമേശ് ഭട്ട് (55), നിഖില്‍ പാണ്ഡ്യ (32), നരേഷ് കലസുവ (18) കലുറാം ഭഗോര (18) എന്നിവരാണ് മരിച്ചത്.

മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ ബഹറോള്‍ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. രാജസ്ഥാനിലെ ബസ്വാഡ സ്വദേശികളാണ് മരിച്ചത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ വസായ് വിഹാറില്‍ നിന്ന് ഇവര്‍ കാല്‍നടയായി രാജസ്ഥാനിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ മഹരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിയില്‍ വെച്ച് അധികൃതര്‍ ഇവരെ തടഞ്ഞ് തിരിച്ചയച്ചു.

തുടര്‍ന്ന് വസായിലിലേക്കു തന്നെ തിരിച്ച് വരുന്നതിനിടെയാണ് അതിവേഗതയിലെത്തിയ ട്രക്ക് ഇവരെ പിന്നില്‍ നിന്ന് ഇടിച്ചുതെറിപ്പിച്ചത്. നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മുംബൈയിലെ വിവിധ ചായക്കടകളിലും കാന്റീനികളിലുമായിട്ടാണ് മരിച്ച നാല് പേരും പരിക്കേറ്റ മൂന്ന് പേരും ജോലി ചെയ്തിരുന്നത്.

Exit mobile version