കൊവിഡ് 19; വൈറസിന് എതിരായുള്ള പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് ബജാജും, നൂറുകോടി നല്‍കും

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ്. നൂറ് കോടിയുടെ ധനസഹായമാണ് കമ്പനി പ്രഖ്യാപിച്ചത്. മെഡിക്കല്‍ സഹായത്തിനായി 100 കോടി രൂപ സംഭാവന നല്‍കുമെന്നാണ് ബജാജ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തെരഞ്ഞെടുത്ത ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ പരിഷ്‌കാരത്തിനും കൂടുതല്‍ വെന്റിലേറ്റര്‍ വാങ്ങാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്കായും രോഗ പരിശോധന ഊര്‍ജിതമാക്കാനും ഐസൊലേഷന്‍ യൂണിറ്റ് ഒരുക്കാനുമൊക്കെയാണ് ഈ തുക വിനിയോഗിക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ഇതിനു പുറമെ ഭവനരഹിതര്‍, ദൈനംദിന കൂലിത്തൊഴിലാളികള്‍, തെരുവ് കുട്ടികള്‍ എന്നിവര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി കമ്പനി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. തൊഴില്‍ നഷ്ടപ്പെട്ട് ഗ്രാമങ്ങളില്‍ തിരിച്ചെത്തിയവര്‍ക്ക് ആശ്വാസമെത്തിക്കാനാവും സഹായ നിധിയില്‍ നിന്ന് തുക നീക്കിവെക്കുമെന്നും കമ്പനി അറിയിച്ചു.

Exit mobile version