‘പ്ലേഗും വസൂരിയും പോളിയോയും ലോകമഹായുദ്ധവും നേരിട്ടു, ഇതും നമ്മള്‍ മറികടക്കും’; ഗായിക ആശാ ഭോസ്‌ലേ

മുംബൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗണ്‍ അടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ഇപ്പോഴത്തെ ഈ അവസ്ഥ അല്‍പം ദുഷ്‌കരമാണെങ്കിലും നാം അതിനെയെല്ലാം അതിജീവിക്കുമെന്നാണ് ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ട്വിറ്ററില്‍ കുറിച്ചത്.

‘പ്ലേഗ്, വസൂരി, ടിബി, പോളിയോ തുടങ്ങിയ നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടായ കാലത്തെ ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധകാലമുള്‍പ്പടെയുള്ളവയെയും അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പകര്‍ച്ചവ്യാധി എത്രത്തോളം ഭീകരമാണെങ്കിലും നാം അതിനെ മറികടക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളനുസരിച്ച് വീട്ടില്‍ തന്നെ തുടരുക. നാം എല്ലാവരും സുഖമായിരിക്കും’ എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 600 കവിഞ്ഞു. ഇന്ന് ശ്രീനഗറില്‍ രോഗം ബാധിച്ചയാള്‍ മരിച്ചു. ഇയാളുടെ കുടുംബത്തിലെ നാല് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനു പുറമെ മുംബൈയിലെ ചേരി നിവാസികളില്‍ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് 50000 പേരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

Exit mobile version