കൊറോണ; പ്രമുഖ വിമാനക്കമ്പനികള്‍ പ്രതിസന്ധിയില്‍, ജീവനക്കാരുടെ ശമ്പളത്തില്‍ നിയന്ത്രണം

ന്യൂഡല്‍ഹി: ലോകം കൊറോണ ഭീതിയിലായതോടെ യാത്രക്കാരും കുറഞ്ഞ് സര്‍വ്വീസുകളും റദ്ദാക്കി വിമാനക്കമ്പനികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ പ്രമുഖ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ശമ്പളത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് എയര്‍ സര്‍വീസായ ഗോ എയര്‍ ജീവനക്കാര്‍ക്ക് ആര്‍ക്കും ഈ മാസം ശമ്പളം ഇല്ലെന്ന് അറിയിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചയായി യാത്രാ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടാണ് ശമ്പളം നല്‍കാത്തതെന്നും കമ്പനിയുടെ സി.ഇ.ഒ വിനയ് ദുബെ മുംബൈയില്‍ അറിയിച്ചു.

നേരത്തെ പൈലറ്റ്മാര്‍ക്ക് കമ്പനി ലീവ് നല്‍കിയിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളം 50% കുറച്ചിരുന്നു. ഇന്‍ഡിഗോയിലും എയര്‍ ഇന്ത്യയിലും സമാന അവസ്ഥയാണ്. ഈ വിമാനക്കമ്പനികളും ജീവനക്കാരുടെ ശമ്പളത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ സീനിയര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 25 ശതമാനമാണ് കുറച്ചത്. എയര്‍ ഇന്ത്യയിലാണെങ്കില്‍ എല്ലാ അലവന്‍സുകളും 10 ശതമാനം കുറച്ചു. വിമാനത്തിലെ കാബിന്‍ ക്രൂ ഒഴികെയുള്ളവര്‍ക്കുള്ള ഈ നിയന്ത്രണം, അടുത്ത മൂന്ന് മാസത്തേക്കാണ്. ഓണ്‍ലൈന്‍ ട്രാവല്‍ ആപ്പായ മേയ്ക്ക് മൈ ട്രിപ്പില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കി. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല. താഴെയുള്ള ജീവനക്കാരുടെ ശമ്പളം 50 ശതമാനമായി കുറച്ചിരിക്കുകയാണ്.

Exit mobile version