സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്‌കിന് പത്ത് രൂപയിലധികവും ഈടാക്കരുത്; കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വ്യാപാരികള്‍ സാനിറ്റൈസറുകള്‍ക്കും മാസ്‌കിനും അമിതവില ഈടാക്കുന്നത് തടയാന്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്‌കിന് പത്ത് രൂപയിലധികവും ഈടാക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി രാം വിലാസ് പസ്വാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂ നിര്‍ദേശം പാലിക്കണമെന്നും പസ്വാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിപണിയില്‍ സാനിറ്റൈസറിനും മാസ്‌കിനും അമിതവില ഈടാക്കുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഉപയോക്താക്കള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊവിഡ് 19 വൈറസിന്റെ വ്യാപനം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. പലരും ഹാന്‍ഡ് വാഷുകളും സാനിറ്റൈസറുകളും ആവശ്യത്തിലധികം വാങ്ങി സൂക്ഷിക്കുകയാണ്. ഇത് മുതലെടുത്താണ് വ്യാപാരികള്‍ ഇതിനെ വില കുത്തനെ ഉയര്‍ത്തിയത്.

അതേസമയം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 236 ആയി. രാജ്യത്ത് വൈറസ് ബാധമൂലം നാല് പേരാണ് മരിച്ചത്.

Exit mobile version