‘പാത്രങ്ങൾ കൂട്ടിയിടിക്കാൻ അഞ്ച് മണി വരെയൊന്നും കാത്തിരിക്കാൻ സാധിക്കില്ല’; മമ്മൂട്ടിയുടെ ഗാനരംഗം പങ്കുവെച്ച് മോഡിയെ ട്രോളി ശശി തരൂർ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ ജനങ്ങളെ ആശ്വസിപ്പിക്കാനായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോഡിയുടെ വാക്കുകളെ ട്രോളി ശശി തരൂർ എംപി. കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ പൗരന്മാർ പാത്രങ്ങൾ കൂട്ടിയടിച്ചും കൈയ്യടിച്ചും അഭിനന്ദിക്കണമെന്ന മോഡിയുടെ ആവശ്യത്തെയാണ് തരൂർ ട്രോളിയിരിക്കുന്നത്.

മമ്മൂട്ടിയുടെ മായാവി എന്ന സിനിമയിലെ ഗാനരംഗം പങ്കുവെച്ചാണ് ശശി തരൂരിന്റെ ട്രോൾ. ‘രാജ്യത്തെ മറ്റുള്ളവർ നടപടികൾ പ്രാവർത്തികമാക്കുന്നതിന് ഒക്കെ അത്രയോ മുമ്പേയാണ് മലയാള സിനിമ. ഞങ്ങൾക്ക് ഞായറാഴ്ച അഞ്ച് മണി വരെയൊന്നും കാത്തിരിക്കാൻ കഴിയില്ല’, എന്ന കുറിപ്പോടെയാണ് തരൂർ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മാർച്ച് 22 ന് ജനത കർഫ്യൂ പ്രഖ്യാപിക്കുന്നുവെന്നും അന്നേദിവസം ആരും തന്നെ പുറത്തിറങ്ങരുതെന്നും മോഡി ആവശ്യപ്പെട്ടിരുന്നു. ‘ഞായറാഴ്ച രാവിലെ ഏഴുമണിമുതൽ രാത്രി 9 മണിവരെ ആരും പുറത്തിറങ്ങരുത്. ജനങ്ങൾ ജനതാ കർഫ്യൂ എന്ന പേരിൽ സ്വയം കർഫ്യൂ പ്രഖ്യാപിക്കണം,’ എന്നൊക്കെയാണ് മോഡിയുടെ വാക്കുകൾ.

Exit mobile version