യെദിയൂരപ്പയും ബിജെപിയും അധികകാലം വാഴില്ല; ബിജെപിയിലെ പാളയത്തിൽ പട മുതലെടുത്ത് അസംതൃപ്തരെ ഒരുമിച്ചു കൂട്ടി ഡികെ, ബിജെപിക്ക് പണി കിട്ടാൻ സാധ്യത

ബംഗളൂരു: കർണാടകയിൽ കള്ളക്കളിയിലൂടെ കോൺഗ്രസ്-ജനതാദൾ സഖ്യസർക്കാരിനെ താഴെയിറക്കി കർണാടകത്തിൽ അധികാരത്തിലേറിയ യെദൂരിയപ്പ സർക്കാരിനകത്തും അമർഷം പുകയുന്നെന്ന് സൂചന. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ നീക്കങ്ങൾക്കുമെതിരെ 16 എംഎൽഎമാർ യോജിച്ച് വിമർശനങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് പാർട്ടിക്ക് ഉള്ളിലെ പാളയത്തിൽ പട പുറത്തെത്തിയത്.

സർക്കാരിന്റെ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ എംഎൽഎമാർ യോഗം ചേർന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മറ്റ് മന്ത്രിമാരുടെ വകുപ്പിൽ യെദിയൂരപ്പയുടെ മകനും കുടുംബത്തിലുള്ളവരും ഇടപെടുന്നതായും എംഎൽഎമാർ ആക്ഷേപമുന്നയിക്കുന്നു.

യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രക്കെതിരായാണ് ഭരണപക്ഷ എംഎൽഎമാർ രംഗത്തെത്തിയിരിക്കുന്നത്. ഭരണത്തിലും എംഎൽഎമാരുടെ ഫണ്ട് വിനിയോഗത്തിലും വിജയേന്ദ്ര ഇടപെടുന്നുവെന്നാണ് അസംതൃപ്ത സംഘത്തിന്റെ പ്രധാന ആരോപണം. കഴിഞ്ഞ സഖ്യസർക്കാരിനെ താഴെയിറക്കാൻ ഒപ്പം നിന്നവർക്ക് സ്ഥാനങ്ങൾ നൽകുന്നതിനായി ബിജെപിക്ക് വേണ്ടി കാലാകാലങ്ങളായി നില നിൽക്കുന്നവരെ അവഗണിക്കുന്നതായും ഇവർ ആരോപിക്കുന്നു.

ഇതിനിടെ, ഡികെ ശിവകുമാർ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടതും കർണാടകയിൽ യെദൂരിയപ്പ വിരുദ്ധപക്ഷത്തിന് പുതിയ കരുത്താവുകയാണ്. ബിജെപിക്ക് ഉള്ളിലെ പ്രശ്‌നങ്ങൾ പൊട്ടിത്തെറിയിലേക്കെത്തിയാൽ അത് ഉപയോഗപ്പെടുത്താൻ കരുത്തുള്ള നേതാവാണ് ഡികെ. അങ്ങനെ വന്നാൽ ബിജെപി തന്ന പണിക്ക് അതേനാണയത്തിൽ ഡികെ തിരിച്ചു പണി കൊടുക്കുമോ എന്നതാണ് കർണാടക രാഷ്ട്രീയം ഇപ്പോൾ ഉറ്റു നോക്കുന്നത്.

Exit mobile version