കൊവിഡ് ഭീതിയിലും തളരാതെ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍; ഞങ്ങള്‍ക്കിത് അതിജീവനത്തിന്റെ പ്രതിഷേധമെന്ന് സമരക്കാര്‍

ന്യൂഡല്‍ഹി: രാജ്യം ഒന്നടങ്കം കൊവിഡ് വൈറസ് ബാധയില്‍ ഭയന്നിരിക്കുമ്പോള്‍ തളരാതെ പോരാടുകയാണ് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. ആവശ്യമായ ആരോഗ്യ മുന്‍കരുതലുകളോടെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 200 ല്‍ അധികം ആള്‍ക്കാര്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് ഡദല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൊതുയോഗങ്ങള്‍ ഒഴിവാക്കാനും സാമൂഹികമായി അകലം പാലിക്കാനും മന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പാടെ അവഗണിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ സമരം തുടരുന്നത്. നിലവില്‍ ഷഹീന്‍ബാഗില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്കും ഇത് ബാധകമാണോ എന്ന ചോദ്യത്തിന് പ്രതിഷേധക്കാരെ നീക്കം ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാറാണെന്നാണ് സിസോദിയ പറഞ്ഞത്.
പൊതു ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതേസമയം സമരം തുടരാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. സിനിമ ഹാളുകള്‍ക്കും ഐപിഎല്ലിനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തെ ഞങ്ങള്‍ മാനിക്കുന്നു. പക്ഷേ അതോക്കെ വിനോദോപാധികള്‍ മാത്രമാണ്, ഞങ്ങളുടേത് അങ്ങനെയൊന്നല്ല. ഞങ്ങളുടെ പ്രതിഷേധം അതിജീവനത്തിന് വേണ്ടിയുള്ളതാണ്. ഇതും അതും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റില്ല,” ഷാഹീന്‍ ബാഗ് പ്രതിഷേധത്തിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ ഖാസി ഇമാദ് പറഞ്ഞു.

Exit mobile version