കോവിഡ് 19 ലക്ഷണങ്ങളോടെ 76കാരൻ മരിച്ചു; പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്ന് ബന്ധുക്കൾ; ഐസൊലേഷനായി ആവശ്യപ്പെട്ടപ്പോൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നെന്ന് അധികൃതർ

ഹൈദരാബാദ്: കോവിഡ് 19 രോഗബാധയുണ്ടെന്ന് സംശയിച്ചിരുന്ന 76കാരന്റെ മരണത്തിന് പിന്നാലെ അദികൃതർക്കെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കൾ. കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന രോഗി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആശുപത്രിയിൽ നിന്നും ആംബുലൻസിൽ കലബുർഗിയിലെ വീട്ടിലേക്ക് മടങ്ങവെയായിരുന്നു മരണം.

കഴിഞ്ഞ മാസം ജിദ്ദയിൽ നിന്നും നാട്ടിലെത്തിയ ഇദ്ദേഹത്തെ ബിദാറിലെ ആശുപത്രിയിൽ നിന്നും ഹൈദരാബാദിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു. മൂന്നുദിവസം ബിദാറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നുവെങ്കിലും ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. തൊണ്ടയിലെ സ്രവങ്ങളും രക്ത സാമ്പിളുകളും കോവിഡ് പരിശോധനയ്ക്കായി അയച്ച ശേഷമാണ് ഹൈദരാബാദിലേക്ക് നിർദേശിച്ചത്. ഈ പരിശോധനാഫലം ഇതുവരെയും വന്നിട്ടില്ല.

അതീവ ശ്വാസതടസ്സം, കരൾ പ്രവർത്തന രഹിതമാവുക തുടങ്ങി കൊവിഡ് 19നോട് സാമ്യമായ രോഗലക്ഷണങ്ങളുണ്ടായിട്ടും രണ്ടു ആശുപത്രിയിൽ നിന്നും 76 കാരനായ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നതെന്ന് ഡെക്കാൻ ക്രോണിക്കിളിന്റെ റിപ്പോർട്ടിൽ പറയുന്നു. ബിദാറിൽ നിന്നും ഗാന്ധി ആശുപത്രിയിലേക്കാണ് രോഗിയെ കൊണ്ടുപോവാൻ നിർദേശിച്ചിരുന്നതെങ്കിലും കുടുംബം അത് നിരസിക്കുകയായിരുന്നു. പിന്നീട് രോഗിയെ പ്രവേശിപ്പിച്ച മറ്റൊരു സ്വകാര്യ ആശുപത്രിയും ഗാന്ധി ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോവാൻ നിർദേശിക്കുകയായിരുന്നു. അതേസമയം രോഗിയുടെ കുടുംബം സ്വകാര്യ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കിടക്കാം എന്ന് പറഞ്ഞെങ്കിലും ആശുപത്രിയിൽ നിന്ന് ഗാന്ധി ആശുപത്രിയിലേക്ക് തന്നെ മാറ്റാനാണ് നിർദേശിച്ചത്.

രോഗിയ്ക്ക് കൊവിഡ് ഉണ്ടാവാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് സ്വകാര്യ ആശുപത്രി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റാൻ കുടുംബത്തോട് നിർദേശിച്ചതെന്നാണ് വിവരം. എന്നാൽ ഗാന്ധി ആശുപത്രിയിലേക്ക് പോകാനുള്ള ആവശ്യത്തെ നിഷേധിച്ച കുടുംബം കലബുർഗിയിലേക്ക് മടങ്ങുകയായിരുന്നു. സ്വകാര്യ ആംബുലൻസിൽ തിരിച്ചു പോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

അതേസമയം, ഹൈദരാബാദിൽ രോി കഴിഞ്ഞിരുന്ന ആശുപത്രിയിലെ ഡോക്ടർമാരോടും ആശുപത്രി ജീവനക്കാരോടും ജാഗ്രതയോടെയിരിക്കാനും എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും മുതിർന്ന ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.

Exit mobile version