ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 ബാധിക്കുമെന്ന് വ്യാജപ്രചാരണം; കര്‍ണാടകയില്‍ ജീവനോടെ കുഴിച്ചുമൂടിയത് പതിനായിരക്കണക്കിന് കോഴികളെ

ബംഗളൂരു: രാജ്യം കൊവിഡ് വൈറസ് ഭീതിയിലാണ്. അതിനിടയില്‍ വൈറസ് ബാധയെ കുറിച്ച് നിരവധി വ്യാജ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അത്തരത്തില്‍ ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 വൈറസ് ബാധിക്കുമെന്ന വ്യാജപ്രചാരണം കാരണം കര്‍ണാടകയില്‍ പതിനായിരക്കണക്കിന് കോഴികളെയാണ് കഴിഞ്ഞ ദിവസം ജീവനോടെ കുഴിച്ചുമൂടിയത്.

കര്‍ണാടകയിലെ രണ്ടിടങ്ങളിലായിട്ടാണ് ഈ സംഭവം നടന്നത്. ബെല്‍ഗാവി ജില്ലയിലുള്ള നസീര്‍ അഹ്മദ് എന്നയാള്‍ തന്റെ കോഴി ഫാമിലെ 6000 ഓളം കോഴികളെയാണ് വൈറസ് ബാധിക്കുമെന്ന പേടിയില്‍ ജീവനോടെ കുഴിച്ചുമൂടിയത്. മറ്റൊരു സ്ഥലത്ത് രാമചന്ദ്രന്‍ റെഡ്ഡി എന്നയാള്‍ തന്റെ ഫാമിലെ 9500 കോഴികളെയാണ് ജീവനോടെ കുഴിച്ചുമൂടിയത്.

ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 വൈറസ് ബാധിക്കുമെന്ന വ്യാജ പ്രചാരണം കാരണം തന്റെ കച്ചവടം തകര്‍ന്നുവെന്നാണ് നസീര്‍ പറഞ്ഞത്. കിലോയ്ക്ക് 50-70 രൂപ വരെയുണ്ടായ ചിക്കന് വ്യാജ പ്രചാരണത്തിനു ശേഷം 5-10 രൂപയിലേക്ക് താഴ്ന്നുവെന്നും നജീര്‍ പറഞ്ഞു. കര്‍ണാടകയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണെന്നും കോഴികളിലൂടെ കൊവിഡ് 19 പടരില്ലെന്നും തെറ്റായ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തരുതെന്നും ആരോഗ്യ വകുപ്പ് പറയുന്നുണ്ട്.

Exit mobile version