തന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകാത്തവര്‍, തന്നെ ആദരിക്കുകയും വേണ്ട; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് എട്ടുവയസ്സുകാരി

അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ ക്യാംപെയ്‌നോട് മുഖംതിരിച്ച് എട്ട് വയസുകാരിയായ പരിസ്ഥിതി പ്രവര്‍ത്തക ലിസിപ്രിയ കങ്കുജം. #SheInspiresUs എന്ന ക്യാംപെയിനെ എതിര്‍ത്തുകൊണ്ടായിരുന്നു ലിസിപ്രിയ രംഗത്തെത്തിയത്. തന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകാത്തവര്‍, തന്നെ ആഘോഷിക്കുകയും വേണ്ടെന്ന് മണിപ്പൂര്‍ സ്വദേശിനിയായ ലിസിപ്രിയ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു ലിസിപ്രിയയുടെ പ്രതികരണം. ”നിങ്ങളുടെ ക്യാംപെയ്ന്‍ പ്രകാരം രാജ്യത്തെ പ്രചോദനാത്മക വനിതകളില്‍ ഒരാളായി എന്നെ തിരഞ്ഞെടുത്തതിന് നന്ദി. പലതവണ ആലോചിച്ച ശേഷം ഈ ആദരം നിരസിക്കാന്‍ ഞാന്‍ തീരുമാനിച്ചു.” ലിസിപ്രിയ ട്വിറ്ററില്‍ കുറിച്ചു.

മണിപ്പൂരില്‍ നിന്നുള്ള ലിസിപ്രിയ തങ്ങള്‍ക്ക് പ്രചോദനമായ സ്ത്രീകളില്‍ ഒരാളാണ് എന്ന് അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് MyGovIndia ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ലിസിപ്രിയ.
”നിങ്ങള്‍ എന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ ദയവായി എന്നെ ആഘോഷിക്കുകയും ചെയ്യരുത്,” എന്ന് ട്വീറ്റിലൂടെ മോഡിയോട് ലിസിപ്രിയ പറഞ്ഞു.

ഈ അവസരം നിരസിക്കുന്നത് സര്‍ക്കാരിനെ ”എന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാന്‍” പ്രേരിപ്പിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് ലിസിപ്രിയ ഒരു പ്രശസ്ത മാധ്യമത്തോടായി പറഞ്ഞു. ”എന്റെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ ആരും എന്നെ വിളിക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല,” എന്നും ലിസിപ്രിയ വ്യക്തമാക്കി.

മണിപ്പൂര്‍ സ്വദേശിനിയായ ലിസിപ്രിയ കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യുകയും കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.

Exit mobile version