കൊറോണ ഭീതി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പഞ്ചിങ് ഒഴിവാക്കി

ന്യൂഡല്‍ഹി: കൊറോണ ഭീതിയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പഞ്ചിങ് ഒഴിവാക്കി. മാര്‍ച്ച് 31വരെയാണ് ഒഴിവാക്കിയത്. ഈ ദിവസങ്ങളില്‍ ജീവനക്കാര്‍ രജിസ്റ്ററില്‍ ഒപ്പിട്ടാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്പര്‍ശനത്തിലൂടെ രോഗം പടരുന്നത് തടയാനുള്ള മുന്‍കരുതലായിട്ടാണ് പഞ്ചിങ് ഒഴിവാക്കിയിരിക്കുന്നത്.

രോഗം ബാധിച്ചവര്‍ തൊട്ട പ്രതലങ്ങളില്‍ തൊട്ടാല്‍ പോലും രോഗം പകരുമെന്നിരിക്കെ, ഈ മാസം മുഴുവന്‍ വിരല്‍ വച്ചുള്ള ബയോമെട്രിക് സംവിധാനം തല്‍ക്കാലം പിന്‍വലിക്കുകയാണെന്നാണ് ഉത്തരവില്‍ പറയുന്നത്. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.

കൂടാതെ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടിനില്‍ക്കരുതെന്ന് യുജിസി നിര്‍ദേശം പുറപ്പെടുവിച്ചു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികളോ ജീവനക്കാരോ ഉണ്ടെങ്കില്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്നും യുജിസി നിര്‍ദേശത്തില്‍ പറയുന്നു.

അതിനിടെ രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശിക്കാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ചതോടെ പൊതുപരിപാടികള്‍ കഴിവകും ഒഴിവാക്കാന്‍ കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജാഗ്രത പാലിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Exit mobile version