കോപ്പിയടിയിലും പുതുവഴി തേടി പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍; പരീക്ഷാ ഹാളിന്റെ മതിലില്‍ കയറി കടലാസ് കഷ്ണങ്ങള്‍ കൈമാറി ഒരു കൂട്ടം യുവാക്കള്‍, വീഡിയോ

യവത്മാല്‍ ജില്ലയിലെ ജില്ലാ പരിക്ഷത്ത് സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ.

മുംബൈ: പരീക്ഷയില്‍ കടലാസ് കഷ്ണങ്ങള്‍ വെച്ചും ഉത്തരകടലാസുകള്‍ കൈമാറിയും കോപ്പിയടിക്കുന്ന വിദ്യാര്‍ത്ഥികള്‍ അനവധിയാണ്. പലപ്പോഴും പിടിക്കപ്പെടാറുമുണ്ട്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായ കോപ്പിയടിയാണ് ഇപ്പോള്‍ മഹാരാഷാട്രയില്‍ അരങ്ങേറിയിരിക്കുന്നത്.

പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതിലില്‍ കയറി നിന്ന് കടലാസ് കഷ്ണങ്ങള്‍ എറിഞ്ഞ് കൊടുത്തിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. സംഘത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. യവത്മാല്‍ ജില്ലയിലെ ജില്ലാ പരിക്ഷത്ത് സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ.

പരീക്ഷാമുറിക്ക് പുറത്തെ മതിലില്‍ കയറി നില്‍ക്കുന്ന ഒരു സംഘം ആളുകള്‍ മുറിക്കുള്ളിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയും, ഉത്തരകടലാസ് കഷ്ണങ്ങള്‍ കൈമാറുകയുമായിരുന്നു.

സംഭവത്തില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പരീക്ഷാകേന്ദ്രം നടത്തിപ്പ് ചുമതലയുള്ള എഎസ് ചൗധരി പറയുന്നു. പണി പൂര്‍ത്തിയാക്കാത്ത മതിലുകള്‍ പ്രശ്നമാണ്. തുടര്‍ന്നുള്ള പരീക്ഷകളുടെ നടത്തിപ്പിനായി പോലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version