സ്നേഹ സാഹോദര്യങ്ങളുടെ സന്ദേശമാണിത്; മുസ്ലീംപള്ളിയുടെ മിനാരത്തില്‍ അക്രമികള്‍ കെട്ടിയ ഹനുമാന്‍ പതാക അഴിച്ച് മാറ്റി ഹിന്ദു യുവാവ്; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

രവി എന്ന യുവാവാണ് അശോക് നഗറിലെ ബഡി മസ്ജിദിന്റെ മിനാരത്തില്‍ കെട്ടിയ കാവിനിറത്തിലുള്ള പതാക അഴിച്ചുമാറ്റിയത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ ആക്രമികള്‍ മുസ്ലീം പള്ളിയുടെ മിനാരത്തില്‍ കെട്ടിയ ഹനുമാന്‍ പതാക ഹിന്ദു യുവാവ് അഴിച്ചുമാറ്റി. പതാക അഴിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യങ്ങളില്‍ ഒന്നടങ്കം പ്രചരിക്കുന്നുണ്ട്. രവി എന്ന യുവാവാണ് അശോക് നഗറിലെ ബഡി മസ്ജിദിന്റെ മിനാരത്തില്‍ കെട്ടിയ കാവിനിറത്തിലുള്ള പതാക അഴിച്ചുമാറ്റിയത്.

യുവാവ് മസ്ജിദിന്റെ മുകളില്‍ നിന്നും പതാക അഴിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ മട്ടുപ്പാവില്‍ നിന്നും ഒരു മുസ്ലീം വ്യക്തിയാണ് തന്റെ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘നമ്മുടെ ഹിന്ദു സഹോദരനായ നല്ല ഒരു യുവാവാണ് പള്ളിക്കു മുകളില്‍ കെട്ടിയിരുന്ന കൊടി അഴിക്കുന്നത്” വീഡിയോ റെക്കോര്‍ഡ് ചെയ്തയാള്‍ പറയുന്നു.

അതിനിടെ ഇയാളുടെ ചോദ്യത്തിന് മറുപടിയായി യുവാവ് തന്റെ പേര് രവി എന്നാണെന്ന് പറയുന്നതും കേള്‍ക്കാം. ”അക്രമത്തിനിടയില്‍ പലായനം ചെയ്തിരുന്ന മുസ്ലിം സഹോദരങ്ങളെ എല്ലാവരും ചേര്‍ന്ന് സ്വീകരിച്ചു. പള്ളിക്കുമേല്‍ പതാക കെട്ടുന്നത് നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാവും. രവി എന്ന യുവാവ് ഇപ്പോള്‍ അത് അഴിച്ചുമാറ്റുകയാണ്. സ്നേഹ സാഹോദര്യങ്ങളുടെ സന്ദേശമാണിത്’- എന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

Exit mobile version