ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന ബിജെപിയില്‍ തുടരാനാകില്ല; ബംഗാള്‍ നടി സുഭദ്ര മുഖര്‍ജി ബിജെപില്‍ നിന്ന് രാജിവെച്ചു

കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ നടി സുഭദ്ര മുഖര്‍ജി ബിജെപില്‍ നിന്ന് രാജിവെച്ചു. വിദ്വേഷവും ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതും ബിജെപിയുടെ പ്രത്യശാസ്ത്രമായി മാറിയിരിക്കുന്നു. അതിനാല്‍ ഇനി ബിജെപിയില്‍ തുടരാകില്ലെന്ന് വ്യക്തമാക്കിയാണ് സുഭദ്ര മുഖര്‍ജി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് സുഭദ്ര രാജിക്കത്ത് കൈമാറി.

‘ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ, നിരവധിയാളുകള്‍ കൊല്ലപ്പെട്ടു, നിരവധി വീടുകള്‍ക്ക് തീയിട്ടു. കലാപം ജനങ്ങളെ വിഭജിച്ചു. കലാപത്തിന്റെ ദൃശ്യങ്ങളെ എന്നെ പിടിച്ചുലച്ചു- സുഭദ്ര പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കളായ അനുരാഗ് താക്കൂറിനും കപില്‍ മിശ്രയ്ക്കും എതിരെ ആരും ഒരു നടപടിയും സ്വീകരിച്ചില്ല. കപില്‍ മിശ്രയും അനുരാഗ് താക്കൂറും പോലുള്ളവരുള്ള പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കില്ലെന്നും സുഭദ്ര പറഞ്ഞു.

എന്തിനാണ് നമ്മള്‍ പെട്ടെന്ന് പൗരത്വം തെളിയിക്കുന്നത്? ‘പൗരത്വ നിയമത്തിന്റെ പേരില്‍ മുഴുവന്‍ ഇന്ത്യക്കാരുടെയും ജീവന്‍ വെച്ച് കളിക്കുകയാണ് അവര്‍. അവര്‍ മനുഷ്യത്വത്തെ കൊല്ലുകയും പിശാചുകളെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ഇത് തലസ്ഥാന നഗരത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ് എന്നും സുഭദ്ര കൂട്ടിച്ചേര്‍ത്തു.

Exit mobile version