ദീർഘവീക്ഷണമില്ലാത്ത പ്രതികരിക്കാത്ത നേതാക്കളെ തെരഞ്ഞെടുത്തതിന്റെ വിലയാണ് ജനങ്ങൾ ഇപ്പോൾ നൽകുന്നത്: പി ചിദംബരം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനങ്ങൾ നടത്തുന്ന പ്രതിഷേധം കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പി ചിദംബരം. സിഎഎ ഉടൻ നിർത്തിവെക്കണമെന്നും ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവർക്ക് എന്താണ് പറയാനുള്ളതെന്ന് സർക്കാർ തീർച്ചയായും കേൾക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

ദീർഘവീക്ഷണവും പ്രതികരണശേഷിയില്ലാത്തതുമായ നേതാക്കന്മാരെ തെരഞ്ഞെടുത്തതിനുള്ള വിലയാണ് ജനങ്ങൾ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തിൽ ഒരു ഭേദഗതിയുടെ ആവശ്യം ഇപ്പോൾ എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴും സമയം വൈകിയിട്ടില്ലെന്നും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ വാക്കുകൾ സർക്കാർ കേൾക്കണമെന്നും ചിദംബരം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ആഴത്തിൽ വിഭജനം ഉണ്ടാക്കുമെന്നും അതിനെ എതിർക്കണമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ മുന്നറിയിപ്പ് ചെന്ന് പതിച്ചത് ബധിര കർണങ്ങളിലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Exit mobile version