ഡല്‍ഹിയില്‍ വീണ്ടും പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം; 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഘര്‍ഷം

ശനിയാഴ്ച്ച രാത്രി മുതലാണ് ഷഹീന്‍ ബാഗിന് സമാനമായ പ്രതിഷേധം ജഫ്രാബാദില്‍ ആരംഭിച്ചത്.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം. 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരുകൂട്ടരും തമ്മില്‍ കല്ലേറുണ്ടായി.

മോജ്പൂര്‍ മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടരും പരസ്പരം കല്ലെറിയുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ ജയ് ശ്രീറാം വിളിക്കുന്നതും വീഡിയോയില്‍ കാണാം. സംഘര്‍ഷം രൂക്ഷമായതോടെ നിയന്ത്രിക്കുന്നതിനായി പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സമാധാനം പുനഃസ്ഥാപിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ജാഫര്‍ബാദില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ ഇന്നലെയുണ്ടായ കല്ലേറിന്റെ ബാക്കിപത്രമാണ് ഇന്നുണ്ടായ സംഘര്‍ഷമെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച്ച രാത്രി മുതലാണ് ഷഹീന്‍ ബാഗിന് സമാനമായ പ്രതിഷേധം ജഫ്രാബാദില്‍ ആരംഭിച്ചത്. ഇതോടെ അവിടുത്തെ മെട്രോസ്റ്റേഷന്‍ അടച്ചിട്ടിരിക്കുകയാണ്.

Exit mobile version