ന്യൂനപക്ഷങ്ങളുടെ ദീർഘകാലത്തെ ആവശ്യം നിറവേറ്റി; കേന്ദ്രത്തിന് അഭിനന്ദനം; പൗരത്വ ഭേദഗതി നിയമത്തെ വാഴ്ത്തി രാജ്യത്തെ ഒരുപറ്റം ബുദ്ധിജീവികൾ

ന്യൂഡൽഹി: രാജ്യമെങ്ങും പൗരത് നിയമ ഭേദഗതിക്ക് എതിരെ ശബ്ദിക്കുമ്പോൾ കേന്ദ്ര സർക്കാരിനും പൗരത്വ നിയമ ഭേദഗതിക്കും പിന്തുണയും അഭിനന്ദനവുമായി ഒരു കൂട്ടം ഇന്റലക്ച്വൽസ്. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് വിദ്യാഭ്യാസ വിദഗ്ധരും ഗവേഷകരും ഉൾപ്പെടെ ആയിരത്തിലധികം പേരാണ് പ്രസ്താവനയുമായി രംഗത്തെത്തിയത്.

പൗരത്വ നിയമ ഭേദഗതി പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങളായ അഭയാർത്ഥികളുടെ ദീർഘകാലത്തെ ആഗ്രഹം നിറവേറ്റുന്നതാണ്. കോൺഗ്രസും സിപിഎമ്മും അടക്കമുള്ള പാർട്ടികൾ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടതാണ്. ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള നിയമ ഭേദഗതി പാസാക്കിയ പാർലമെന്റിനെ അഭിനന്ദിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചുള്ള ഈ പ്രസ്താവനയിൽ നളന്ദ സർവകലാശാല വൈസ് ചാൻസലർ സുനൈന സിങ്, ജെഎൻയു രജിസ്ട്രാർ പ്രമോദ് കുമാർ, മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും രാജ്യസഭാംഗവുമായ സ്വപൻ ദാസ്ഗുപ്ത, വ്യവസായി ശിശിർ ബജോറിയ തുടങ്ങിയവരാണ് ഒപ്പുവെച്ചിട്ടുള്ളത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ചിലരുടെ കെണിയാണെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്. വർഗീയതയും അരാജകത്വവും പ്രചരിപ്പിക്കുന്നവരുടെ കെണിയിൽ വീഴരുതെന്നും ഭയപ്പെടുത്ത അന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്തെ കലാപത്തിലേക്ക് നയിക്കുന്നതിൽ അതിയായ വേദനയുണ്ടെന്നും ഇവർ പറയുന്നു.

രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിലെ വിദ്യാഭ്യാസ വിദഗ്ധർ, ഗവേഷകർ എന്നിവരടക്കം 1100 പേരാണ് ഈ പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്. പ്രഫ.പ്രകാശ് സിങ് (ഡൽഹി സർവകലാശാല), പ്രഫ.കപിൽ കുമാർ (ഇഗ്‌നൗ), പ്രഫ. ഐനുൽ ഹസൻ (ജെഎൻയു), ഷിഷിർ ബജോരിയ (ചെയർമാൻ, ഐഐഎം ഷില്ലോങ്), പ്രഫ. സുനൈന സിങ് (വിസി, നളന്ദ സർവകലാശാല), മീനാക്ഷി ജെയിൻ (ഐസർ), പ്രഫ. ലഖാൻ ഗോസെയ്ൻ (സിറാക്കുസ് യൂണിവേഴ്‌സിറ്റി, യുഎസ്എ), ഭാനു പ്രസാദ് (ഓക്‌സ്ഫഡ് സർവകലാശാല), ഡോ. ആശിശ് മിശ്ര ( യുഎഫ്പിഎ, ബ്രസീൽ) തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്.

Exit mobile version