പൗരത്വ ഭേദഗതിക്ക് എതിരെ പ്രതിഷേധവുമായി സ്ത്രീകൾ ഇരച്ചെത്തി; ഡൽഹി മെട്രോ സ്‌റ്റേഷൻ അടച്ചു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി നൂറുകണക്കിന് സ്ത്രീകൾ പ്രതിഷേധിച്ച് ഇരച്ചെത്തിയതോടെ ഡൽഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷൻ അടച്ചു. ഈ സ്‌റ്റേഷനിൽ ട്രെയിൻ നിർത്തില്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇവിടെ സ്ത്രീകളുടെ വൻ സംഘം പ്രതിഷേധം തുടങ്ങിയത്.

ഇതോടെ ഡൽഹിയിലെ പ്രധാന റോഡിലും ഗതാഗതം തടസപ്പെടുകയും സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ പുതിയ കേന്ദ്രമായി ജാഫറാബാദ് മാറുകയും ചെയ്തിരിക്കുകയാണ്.

ദേശീയ പതാകയേന്തി ആസാദി മുദ്രാവാക്യം വിളിച്ച് പ്രതിഷേധം ശക്തിപ്പെട്ട് വരികയാണ് ഇവിടെ. ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമി പാർട്ടി ദേശവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ പ്രതിഷേധം. നീല ബാൻഡ് ധരിച്ചവരും പ്രതിഷേധക്കാർക്കിടയിലുണ്ട്. ജയ് ഭീം മുദ്രാവാക്യവും ഇവർ ഉയർത്തുന്നുണ്ട്.

Exit mobile version