ട്രംപിന്റെ താജ്മഹൽ സന്ദർശനം ഔദ്യോഗിക പരിപാടിയല്ല; കൂട്ടിന് മോഡി ഉണ്ടാകില്ല

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബവും താജ്മഹൽ സന്ദർശിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടെ അനുഗമിക്കില്ല. മോഡി സന്ദർശനം ഒഴിവാക്കിയെന്ന് സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അഹമ്മദാബാദിലെ റോഡ് ഷോക്കും നമസ്‌തേ ട്രംപ് പരിപാടിക്കും ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ട്രംപ് ആഗ്രയിലേയ്ക്ക് പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി അദ്ദേഹത്തിനൊപ്പം താജ്മഹൽ സന്ദർശിക്കുമോ എന്ന ചോദ്യത്തിന് അത്തരത്തിലൊരു പദ്ധതി ഇല്ലെന്നാണ് അധികൃതർ സ്ഥിരീകരിച്ചത്.

അമേരിക്കൻ പ്രസിഡന്റിനും കുടുംബത്തിനും ചരിത്ര സ്മാരകം കൺനിറയെ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അവിടെ മറ്റ് ഔദ്യോഗിക പരിപാടികളൊന്നുമുണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി മാത്രമല്ല, ഇന്ത്യയിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും അവിടെയുണ്ടാകില്ല. അധികൃതർ വ്യക്തമാക്കി.

24,25 തീയതികളിലാണ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തുക . ഭാര്യ മെലേനിയ ട്രംപ്, മകൾ ഇവാങ്ക, മരുമകൻ ജറേഡ് കൂഷ്‌നർ എന്നിവർ ട്രംപിന് ഒപ്പമുണ്ടാകും.

Exit mobile version