കരകൗശല മേളയിൽ അപ്രതീക്ഷിത സന്ദർശനത്തിനെത്തി മോഡി; ഭക്ഷണവും ചായയും വാങ്ങി കഴിച്ച് അമ്പരപ്പിച്ചു

ന്യൂഡൽഹി: അപ്രതീക്ഷിതമായി കരകൗശല മേളയിലെത്തി ഭക്ഷണം വാങ്ങിക്കഴിച്ചും സംഘാടകരേയും തൊഴിലാളികളേയും അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്പഥിൽ നടക്കുന്ന കരകൗശല മേളയിലേക്കാണ് മോഡി എത്തിയത്. കരകൗശല തൊഴിലാളികളോട് ആശയവിനിമയം നടത്തിയ അദ്ദേഹം അവിടെനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുകയും ചെയ്തു. ലിട്ടി ചോഖയും ചായയുമാണ് അദ്ദേഹം വാങ്ങി കഴിച്ചത്.

കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംഘടിപ്പിച്ച മേളയ്ക്ക് എത്തിയത്. പ്രധാനമന്ത്രി മേളയ്ക്ക് എത്തിയപ്പോൾ മന്ത്രാലയ ഉദ്യോഗസ്ഥർ അടക്കം ആശ്ചര്യപ്പെടുകയായിരുന്നു. മേളയിലെത്തിയ അദ്ദേഹം 50 മിനിറ്റോളം അവിടെ ചിലവഴിച്ചു.

ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള ഗോതമ്പ് മാവ് കൊണ്ടുണ്ടാക്കുന്ന പലഹാരമാണ് ലിട്ടി ചോഖ. അതിനുള്ളിൽ ‘സത്തു’ എന്ന പാനീയം നിറച്ചിട്ടുണ്ടാകും. ഈ വിഭവം അദ്ദേഹം 120 രൂപ നൽകിയാണ് വാങ്ങിയത്. തുടർന്ന് മുഖ്താർ അബ്ബാസ് നഖ്‌വിക്കൊപ്പം അദ്ദേഹം 40 രൂപയ്ക്ക് കുലട് ചായ കുടിച്ചു. ഉച്ചഭക്ഷണത്തിന് ചൂട് ചായക്കൊപ്പം സ്വാദിഷ്ടമായ ലിട്ടി ചോഖ കഴിച്ചുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Exit mobile version