ഹിന്ദുരാഷ്ട്രമെന്ന നിങ്ങളുടെ ആഗ്രഹം ഒരിക്കലും പൂവണിയരുത്; നിങ്ങൾ എത്രപേർ ദളിതർക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കും? കേന്ദ്ര സർക്കാരിനോട് അശോക് ഗെഹ്‌ലോട്ട്

ജയ്പുർ: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഹിന്ദു രാഷ്ട്രത്തിനായി വാദിക്കുന്ന ആർഎസ്എസും ബിജെപിയും തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ എന്താണ് ചെയ്തതെന്ന് അശോക് ഗെഹ്ലോട്ട്് ചോദിച്ചു. ജയ്പുർ കളക്ടറേറ്റിന് സമീപം നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നവർ മുസ്ലീങ്ങളെ ആക്രമിക്കുന്നു. നാളെ അവർ സിഖ്-ബുദ്ധ മതവിശ്വാസികൾക്കു നേരെ തിരിയും. എന്താണ് ഇവർ ആഗ്രഹിക്കുന്നത്? ഹിന്ദുരാഷ്ട്രമെന്ന അവരുടെ ആഗ്രഹം ഒരിക്കലും പൂവണിയരുതെന്നാണ് തന്റെ ആഗ്രഹം. തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ നിങ്ങൾ എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ? നിങ്ങളുടെ കുടുംബത്തിലെ എത്രപേർ അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും? ഗെഹ്ലോട്ട് സംഘപരിവാറിനോട് ചോദിക്കുന്നു.

സംവരണം സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും മുന്നോട്ടുവരണം. അങ്ങനെ ചെയ്താൽ കേന്ദ്രസർക്കാരിന് സംവരണം അവസാനിപ്പിക്കാനുളള ധൈര്യമുണ്ടാവില്ല. അവരുടെ പ്രസ്താവനകളിൽ നിന്നുവരുന്ന ശബ്ദം, ആ ഭീഷണി അവിടെയുണ്ട്. നിങ്ങളെ ഇത് അറിയിക്കുന്നതിൽ അസ്വസ്ഥനാണ് ഞാൻ. സ്ഥാനക്കയറ്റത്തിൽ സംവരണം നൽകേണ്ട ബാധ്യതയില്ലെന്ന് സുപ്രീംകോടതിയും പറഞ്ഞിരിക്കുന്നു. അത് വളരെ അപകടമാണ്. സ്ഥാനക്കയറ്റത്തിന് സംവരണം ഉറപ്പുവരുത്തുന്നതിന് വേണ്ടി എന്തുകൊണ്ടാണ് ഒരു ഭേദഗതി കൊണ്ടുവരാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലെ സ്ഥാനക്കയറ്റത്തിലെ സംവരണം രാജസ്ഥാൻ സർക്കാർ നടപ്പാക്കിയതാണെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version