മന്‍കി ബാത്തിനു മേലുള്ള ജന്‍ കീ ബാത്തിന്റെ വിജയമാണ് ഡല്‍ഹി വിജയം; മോഡിയെ വിമര്‍ശിച്ച് ഉദ്ദവ് താക്കറെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ മികച്ച വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മന്‍കി ബാത്തിനു മേലുള്ള ജന്‍ കീ ബാത്തിന്റെ വിജയമാണ് ഡല്‍ഹി വിജയമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ഹാട്രിക് വിജയം നേടിയ കെജരിവാളിനെ ഉദ്ദവ് താക്കറെ അഭിനന്ദിക്കുകയും ചെയ്തു.

ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 63 സീറ്റുകള്‍ നേടിയാണ് ആം ആദ്മി ഭരണം നിലനിര്‍ത്തിയത്. ബിജെപിക്ക് 7 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല.

കെജരിവാളിന്റെ ഹാട്രിക്ക് വിജയത്തിന് പിന്നാലെ കെജരിവാളിനെ അഭിനന്ദിച്ച് നിരവധി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ അഭിനന്ദനവുമായി രംഗത്ത് വന്നിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഭിനന്ദിച്ചിരുന്നു.

Exit mobile version