കെജരിവാളിന്റെ സൗജന്യ വൈദ്യുതി പദ്ധതി ജനങ്ങളെ സ്വാധീനിച്ചു; തോല്‍വി സമ്മതിച്ച് ബിജെപി എംപി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്ന അരവിന്ദ് കെജരിവാളിന്റെ തീരുമാനം ദരിദ്രരെ സ്വാധീനിച്ചെന്ന് ബിജെപി എംപി രമേഷ് ബിദുരി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നെങ്കില്‍ ബിജെപിയുടെ പ്രകടനം മെച്ചപ്പെടുമായിരുന്നുവെന്നും രമേഷ് ബിദുരി പറഞ്ഞു.

ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നതിനിടെയാണ് ബിജെപി എംപിയുടെ പരാമര്‍ശം. 70 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 57 സീറ്റുകളില്‍ ആംആദ്മി ലീഡ് നിലനിര്‍ത്തുന്നു. ബിജെപി 13 സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഒരു സീറ്റില്‍ പോലും ലീഡ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. അതെ സമയം എഎപി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ പിന്നിലാണ്.

തെരഞ്ഞെടുപ്പ് വിജയം ഉറപ്പായതോടെ കെജരിവാളിനെ അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത് എത്തി. അരവിന്ദ് കെജിരവാളിനെ അഭിനന്ദിക്കുന്നുവെന്ന് മമത പറഞ്ഞു. ബിജെപിയെ തിരസ്‌കരിച്ച ജനങ്ങളെ അഭിനന്ദിക്കുന്നതായും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. വികസനം കൊണ്ടുമാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ ഇവയൊക്കെ തിരസ്‌കൃതമാകുമെന്നും മമത പറഞ്ഞു.

Exit mobile version