സംസ്ഥാന ബിജെപി നേതാക്കളുടെ ആ തള്ളും പൊളിഞ്ഞു; ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയോ, തിരുപ്പതി മോഡല്‍ ട്രസ്റ്റായി ശബരിമല ക്ഷേത്രത്തിന്റെ ഭരണസംവിധാനത്തെ മാറ്റുകയോ ചെയ്യുമെന്നായിരുന്നു സംസ്ഥാന ബിജെപി നേതാക്കളുടെ വാദം

ന്യൂഡല്‍ഹി: ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് രേഖാമൂവം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്‌ളാദ് പട്ടേലാണ് നിലപാട് അറിയിച്ചത്. ശബരിമല സ്ത്രീപ്രവേശനത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം കത്തി നില്‍ക്കെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ശബരിമല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് പല തവണ സംസ്ഥാന ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നതാണ്.

ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയോ, തിരുപ്പതി മോഡല്‍ ട്രസ്റ്റായി ശബരിമല ക്ഷേത്രത്തിന്റെ ഭരണസംവിധാനത്തെ മാറ്റുകയോ ചെയ്യുമെന്നായിരുന്നു സംസ്ഥാന ബിജെപി നേതാക്കളുടെ വാദം. എന്നാല്‍ അത് ചീട്ട് കൊട്ടാരം കണക്കെ തകര്‍ന്ന് വീഴുകയായിരുന്നു. ഈ പറഞ്ഞ പദ്ധതികളൊന്നും കേന്ദ്ര സര്‍ക്കാരിനില്ല എന്ന് ഈ മറുപടിയില്‍ നിന്നും വ്യക്തമായിരിക്കുകയാണ്.

ശബരിമല കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമല്ലെന്ന കാരണമാണ് നേരത്തേ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാതിരിക്കാന്‍ കേന്ദ്രം കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല, 33 വിവിധ രാജ്യങ്ങളില്‍ നിന്നും ശബരിമലയില്‍ തീര്‍ത്ഥാടകരെത്തുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി ശബരിമലയ്ക്ക് പ്രത്യേക പദവി നല്‍കണമെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം. കേന്ദ്രസര്‍ക്കാരിനെ ഈ ആവശ്യം അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനവും ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തുമെന്നും അതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ അന്ന് നല്‍കിയ വാഗ്ദാനങ്ങളും പൊള്ളയായിരുന്നുവെന്ന് തെളിയിക്കുകയാണ് സര്‍ക്കാര്‍ നിലപാടിലൂടെ.

Exit mobile version