ഡൽഹി എക്‌സിറ്റ് പോൾ ഫലങ്ങൾ തിരിച്ചടിച്ചിട്ടും 47 സീറ്റ് നേടുമെന്ന് ബിജെപി അധ്യക്ഷന്റെ വീരവാദം; വോട്ടിങ് മെഷീനുകൾക്ക് കാവൽ നിൽക്കാൻ ആം ആദ്മി പ്രവർത്തകർ; അടിയന്തര യോഗങ്ങൾ

ന്യൂഡൽഹി: ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചതോടെ എക്‌സിറ്റ് പോൾ ഫലങ്ങളുടെ പ്രളയമാണ്. പുറത്തെത്തിയ എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്മി പാർട്ടിക്ക് അനുകൂലവുമായതോടെ ബിജെപി അങ്കലാപ്പിലായിരിക്കുകയാണ്. ആത്മവിശ്വാസം വർധിച്ച ആം ആദ്മിയും ആത്മവിശ്വാസം നഷ്ടപ്പെട്ട ബിജെപിയും അടിയന്തിര നേതൃയോഗങ്ങൾ വിളിച്ചു ചേർത്തു.

ഡൽഹി ബിജെപി ആസ്ഥാനത്താണ് അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപിയുടെ നേതാക്കളുടെ യോഗം. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ആംആദ്മി പാർട്ടിയുടെ നേതൃയോഗം വിളിച്ചു ചേർത്തത്.

അതേസമയം, ഡൽഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന പതിനൊന്നാം തീയതി എക്‌സിറ്റ് പോളുകൾ എല്ലാം തെറ്റാണെന്ന് തെളിയുമെന്നാണ് ബിജെപി ഡൽഹി പ്രസിഡന്റ് മനോജ് തിവാരി പ്രതികരിച്ചിരിക്കുന്നത്. ബിജെപി സർക്കാർ ഭരണത്തിൽ വരുമെന്നും തിവാരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 47 സീറ്റ് ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റിൽ അവകാശപ്പെടുന്നത്.

ഇതിനിടെ, ഡൽഹിയിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകൾക്ക് പുറത്ത് കാവൽ നിൽക്കാൻ ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നിർദേശം നൽകി. നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തതിന് പിന്നാലെയായിരുന്നു ഇത്.

Exit mobile version