കരുതല്‍ തടങ്കലില്‍നിന്നും വിട്ടയച്ചേക്കുമെന്ന് അഭ്യൂഹം; മെഹ്ബൂബ മഫ്തി, ഉമര്‍ അബ്ദുള്ള, എന്നിവര്‍ക്കെതിരെ കരിനിയമം ചുമത്തി

ന്യൂഡല്‍ഹി: കരുതല്‍ തടങ്കലില്‍നിന്നും വിട്ടയച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മഫ്തി എന്നിവര്‍ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി. ഇവര്‍ക്കു പുറമേ പൊതു സുരക്ഷാ നിയമം ചുമത്തി നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് അലി മുഹമ്മദ് സാഗര്‍, പിഡിപി നേതാവ് സര്‍താജ് മാധ്വി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വിചാരണ കൂടാതെ ആരെയും മൂന്നു മാസത്തേക്ക് തടങ്കലില്‍ വയ്ക്കാന്‍ പോലീസിന് അനുമതി നല്‍കുന്നതാണ് പൊതു സുരക്ഷാ നിയമം. ഉമറിനെയും മെഹ്ബൂബയെയും കരുതല്‍ തടങ്കലില്‍നിന്നും വിട്ടയച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇവര്‍ക്കെതിരെ പുതിയ കുറ്റം ചുമത്തിയിരിക്കുന്നത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ നാല്‍പ്പത്തിയൊന്‍പതുകാരനായ ഒമറിനേയും അറുപതുകാരിയായ മെഹബൂബയേയും 2019 ഓഗസ്റ്റ് അഞ്ചിന് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ഒമര്‍ അബ്ദുള്ളയുടെ പിതാവ് ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ ഈ നിയമം ചുമത്തിയിരുന്നു. രാജ്യത്തു നിലവിലുള്ള ദേശീയ സുരക്ഷാനിയമം (എന്‍എസ്എ) പോലെ കശ്മീരിനു മാത്രം ബാധകമായതാണ് പി.എസ്.എ. പൊതുസമാധാനം, സംസ്ഥാന സുരക്ഷയ്ക്കു ഭീഷണി എന്നീ രണ്ടു വകുപ്പുകളുള്ളതില്‍ ആദ്യ വകുപ്പില്‍ ഉള്‍പ്പെടുത്തിയാണ് ഫറൂഖ് അബ്ദുല്ലയെ അറസ്റ്റു ചെയ്തത്.

Exit mobile version