മുപ്പത് മണിക്കൂറിന് ശേഷം വിജയ്‌യെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചു; ആദായ നികുതി ഉദ്യോഗസ്ഥർ മടങ്ങി; നടപടിയെ കുറിച്ച് മിണ്ടാട്ടമില്ല

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യെ ചോദ്യം ചെയ്യുന്നത് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു. 30 മണിക്കൂറിന് ശേഷമാണ് താരത്തിനെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ച് കണ്ടെടുത്ത രേഖകളുമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിയത്. വിജയ്‌യുടെ വീട്ടിൽ നിന്ന് ഭൂമി ഇടപാടിന്റെ രേഖകൾ ഉദ്യോഗസ്ഥർ കൊണ്ട് പോയിട്ടുണ്ടെന്നാണ് വിവരം. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. രേഖകൾ വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും തുടർനടപടി.

വിജയ്‌യുടെ പക്കൽ നിന്ന് പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്നും സ്വത്തുക്കളും ബിഗിലിലെ പ്രതിഫലവും പരിശോധിക്കുന്നെന്നും ആദായ നികുതി വകുപ്പ് നേരത്തെ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

വിജയ്, ബിഗിൽ ചിത്രത്തിന്റെ വിതരണക്കാരൻ സുന്ദർ അറുമുഖം, നിർമ്മാതാക്കളായ എജിഎസ്, ഫിനാൻസിയർ, അൻപുചെഴിയൻ എന്നിവരുടെ ഓഫീസിലും വീടുകളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ബിഗിൽ ചിത്രം മുന്നൂറ് കോടിയലധികം രൂപ കളക്ഷൻ നേടിയതുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. പരിശോധനകൾ ഇപ്പോഴും തുടരുകയാണെന്നും ബിഗിലിന്റെ പ്രതിഫലവും അന്വേഷണ വിധേയമാണെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.

അതേസമയം ഫിനാൻസിയർ അൻപുച്ചെഴിയന്റെ വിവിധ ഓഫീസുകളിൽ നിന്നായി 77 കോടി രൂപ പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ വിജയ്‌യുടെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നുവെന്നാണ് വിവരം.

Exit mobile version