കൊറോണ ഭീതി; കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ മലയാളികള്‍ക്ക് വിലക്ക്, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

തോട്ടമുടമകള്‍ക്കാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

മൈസൂരു: ലോകത്തെ മുഴുവന്‍ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് കേരളത്തില്‍ മൂന്ന് പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇപ്പോഴും വൈറസ് ഭീതി സംസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ അതിര്‍ത്തിജില്ലയായ കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ മലയാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവരെ ജോലിക്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പുനല്‍കി.

തോട്ടമുടമകള്‍ക്കാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നിലവിലുള്ള തൊഴിലാളികളെ ഫെബ്രുവരി 15 വരെ കേരളത്തിലേക്ക് അയയ്ക്കരുതെന്നും പുതിയ തൊഴിലാളികളെ എടുക്കരുതെന്നുമാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ച സമയമാണിത്.

വിളവെടുപ്പിന് കേരളത്തില്‍നിന്നു ധാരാളം തൊഴിലാളികള്‍ ഇവിടെയെത്തുന്നത് പതിവാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മുന്‍കരുതല്‍നടപടികളെല്ലാം സ്വീകരിച്ചെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Exit mobile version