പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധമാണെന്ന് തെറ്റിദ്ധരിച്ചു; വിവാഹ ചടങ്ങിനായി നിര്‍മ്മിച്ച പന്തല്‍ പോലീസ് പൊളിച്ചടുക്കി

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനായി സ്ഥാപിച്ച പന്തലാണെന്ന് തെറ്റിദ്ധരിച്ച് വിവാഹ ചടങ്ങിനായി നിര്‍മ്മിച്ച പന്തല്‍ പോലീസ് തകര്‍ത്തു. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ നഗരത്തിലെ മൊഹല്ല മിര്‍ദാഗനിലാണ് സംഭവം. പ്രതിഷേധ പന്തലല്ലെന്ന് തിരിച്ചറിഞ്ഞിട്ടും പന്തലിനുള്ള ഒരു കാല്‍ പോലും നാട്ടാതെയാണ് പോലീസുകാര്‍ ഇവിടംവിട്ടതെന്ന് വീട്ടുകാര്‍ പറയുന്നു.

മൊഹല്ല മിര്‍ദാഗനില്‍ വിവാഹ ചടങ്ങിനായി ഒരുക്കിയ പന്തലാണ് യുപി പോലീസ് തകര്‍ത്തതെന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ടു ചെയ്തു. ഫെബ്രുവരി നാലിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തന്റെ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് മകളുടെ വിവാഹത്തിനായി അച്ഛന്‍ പന്തല്‍ ഒരുക്കിയത്. വധുവിനുള്ള സമ്മാനങ്ങളും വിവാഹത്തിനുള്ള മറ്റ് വസ്തുക്കളുമൊക്കെ ഈ പന്തലിലായിരുന്നു സൂക്ഷിച്ചിരുന്നത്.

എന്നാല്‍ സിഎഎ – എന്‍ആര്‍സി വിരുദ്ധ പ്രതിഷേധത്തിനായി ഒരുക്കിയതാണ് ഈ പന്തലെന്ന് തെറ്റിദ്ധരിച്ച് അനുമതിയില്ലാതെ എത്തുകയും പോലീസ് സംഘം ഇത് പൊളിക്കുകയുമായിരുന്നു. പൊളിച്ചടുക്കലൊക്കെ കഴിഞ്ഞ് സ്ഥലംവിടാന്‍ ഒരുങ്ങിയപ്പോഴാണ് പ്രതിഷേധത്തിനല്ല വിവാഹത്തിനാണ് പന്തല്‍ ഒരുക്കിയിരുന്നതെന്ന സത്യം പോലീസ് തിരിച്ചറിഞ്ഞത്.

ഇതോടെ പന്തല്‍ വീണ്ടും നിര്‍മ്മിക്കാന്‍ വീട്ടുകാര്‍ പോലീസുകാരോട് ആവശ്യപ്പെട്ടു. തെറ്റ് പറ്റിയതാണെന്ന് മനസിലായിട്ടും വീണ്ടും പന്തല്‍ നിര്‍മ്മിക്കാന്‍ പോലീസ് തയ്യാറായില്ല. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയുടെ ജീവിതത്തെ തടസപ്പെടുത്തിയ സംസ്ഥാന പോലീസ് വളരെയധികം ആശങ്കപ്പെടുത്തുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

Exit mobile version