31 വിരലുകള്‍; മന്ത്രവാദിനിയെന്ന് മുദ്രകുത്തി ഗ്രാമവാസികള്‍; മനോവിഷമത്താല്‍ ഒരു മുറിക്കുള്ളില്‍ ഒതുങ്ങി കൂടിയ കുമാരിക്ക് ഗിന്നസ് റെക്കോര്‍ഡ്

ഒഡിഷ സ്വദേശിനിയാണ് കുമാരി നായിക്ക്.

ഒഡിഷ: കൈയിലും കാലുകളിലുമായി കുമാരി നായിക്കിന് 31 വിരലുകളാണ് ഉള്ളത്. ഇതോടെ ഗ്രാമവാസികള്‍ മന്ത്രവാദിനിയെന്ന് മുദ്രകുത്തുകയും ചെയ്തു. കുമാരി അടുത്തു വന്നാല്‍ അവിടുത്തെ ഗ്രാമവാസികള്‍ എഴുന്നേറ്റ് പോവുകയാണ് പതിവ്. ഇതോടെ കുമാരി ഒരു മുറിക്കുള്ളില്‍ മാത്രം ജീവിതത്തെ ഒതുക്കിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കുമാരിക്ക് ഗിന്നസ് റെക്കോര്‍ഡ് ലഭ്യമായിരിക്കുകയാണ്.

ഒഡിഷ സ്വദേശിനിയാണ് കുമാരി നായിക്ക്. ഇവര്‍ക്ക് കാലില്‍ 19 വിരലുകളും കൈയ്യില്‍ 12 വിരലുകളുമാണ് ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ വിരലുകളുള്ള വ്യക്തിയുടെ ഗിന്നസ് റെക്കോര്‍ഡാണ് കുമാരിക്ക് ലഭ്യമായിരിക്കുന്നത്. സാധാരണ കണ്ടുവരുന്നതില്‍ നിന്ന് കൂടുതലായി കൈകളിലും കാലുകളിലും വിരലുകള്‍ കണ്ടുവരുന്ന ഈ അവസ്ഥയെ പോളിഡാക്റ്റൈലിസം എന്നാണ് അറിയപ്പെടുന്നത്.

ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്. ഒരു പാവപ്പെട്ട കുടുംബത്തിലായതുകൊണ്ട് എനിക്ക് ചികിത്സ തേടാന്‍ സാധിച്ചില്ല. എന്റെ വീടിനടുത്തുള്ളവരെല്ലാം അന്ധവിശ്വാസികളാണ്. ഞാന്‍ ഒരു മന്ത്രാവാദിനിയാണെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് എല്ലായ്പ്പോഴും അവര്‍ എന്നെ മാറ്റി നിര്‍ത്തിയിരുന്നു.’ കുമാരി നായിക് പറയുന്നു. കുമാരി ഗിന്നസ് റെക്കോര്‍ഡിലെത്തിയതോടെ സര്‍ക്കാര്‍ അധികൃതര്‍ അവരെ തേടിയെത്തി. അവര്‍ക്ക് പുതിയ വീടും അര്‍ഹതപ്പെട്ട പെന്‍ഷനും നല്‍കാനും തീരുമാനമായി. ഗ്രാമവാസികളുടെ അടുത്ത് ഇതുസംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനും ആരോഗ്യപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ നാളിത്രയും നേരിട്ട അവഗണനയില്‍ നിന്നും മുക്തി നേടാന്‍ ഒരുങ്ങുകയാണ് കുമാരി.

Exit mobile version