റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടുതരില്ലെന്ന് പറഞ്ഞു; യുവതികളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കയര്‍ കൊണ്ട് ബന്ധിച്ച് റോഡിലൂടെ വലിച്ചിഴച്ചു; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി

കൊല്‍ക്കത്ത: റോഡ് നിര്‍മ്മാണം തടഞ്ഞ അധ്യാപികയെയും സഹോദരിയെയും കയര്‍ കൊണ്ട് ബന്ധിച്ച് റോഡിലൂടെ വലിച്ചിഴച്ചതായി പരാതി. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനജ്പുറിലാണ് സംഭവം. ദിനജ്പുറിലെ ഫാത നഗര്‍ ഗ്രാമത്തിലെ റോഡ് നിര്‍മ്മാണത്തിനായി അധികൃതര്‍ സ്ഥലമേറ്റെടുക്കാനായി എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

റോഡ് നിര്‍മ്മാണത്തിനായി പഞ്ചായത്ത് അധികൃതരും നിര്‍മ്മാണ തൊഴിലാളികളും എത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെയാണ് പ്രതിഷേധമറിയിച്ച് അധ്യാപികയായ സ്മൃതികോന രംഗത്തെത്തിയത്. തങ്ങളുടെ സ്ഥലം വിട്ടുതരില്ലെന്ന് അറിയിച്ച ഇവര്‍ അധികൃതരെ തടയുകയും ചെയ്തു. പിന്മാറാന്‍ പറഞ്ഞെങ്കിലും ഇവര്‍ തയ്യാറായില്ല.

ഇതോടെ ക്ഷുഭിതരായ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ അമല്‍ സര്‍ക്കാറിന്റെ നേതൃത്വത്തിലുളള പുരുഷന്മാരുടെ സംഘം ഇവരെ മര്‍ദിക്കുകയും കാലുകള്‍ കയര്‍ ഉപയോഗിച്ച് ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ കൈകളില്‍ പിടിച്ച് റോഡിലൂടെ വലിച്ച് നീക്കി. വിവരമറിഞ്ഞെത്തിയ അധ്യാപികയുടെ സഹോദരി സോമ ദാസ് സ്മൃതികോന രക്ഷിക്കാന്‍ ശ്രമിച്ചു.

ശേഷം പ്രതിഷേധത്തില്‍ പങ്കാളിയായി. തുടര്‍ന്ന് ഇവരെയും അമലും സംഘവും ഉപദ്രവിക്കുകയും നിലത്തേക്ക് തള്ളിയിടുകയും വലിച്ചിഴക്കുകയും ചെയ്തു. സഹോദരിമാര്‍ക്കൊപ്പം ഇവരുടെ അമ്മയെയും തള്ളിയിട്ടതായി പരാതിയുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

മെറൂണ്‍ നിറത്തിലുള്ള മാക്‌സി ധരിച്ച സ്ത്രീയുടെ കാല്‍മുട്ടുകള്‍ കയര്‍ ഉപയോഗിച്ച് ഒരാള്‍ കൂട്ടിക്കെട്ടുന്നതും ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അവരെ വലിച്ചിഴക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ആക്രമണത്തില്‍ പരിക്കേറ്റ സ്മൃതികോനയെയും സോമ ദാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച് സ്മൃതികോന ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അമലാണ് അക്രമത്തിന് ആഹ്വാനം നല്കിയതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെ അമല്‍ സര്‍ക്കാരിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അര്‍പിത ഘോഷ് അറിയിച്ചു.

Exit mobile version