ബിരുദധാരികള്‍ക്ക് തൊഴിലില്ലായ്മ വേതനമായി മാസം 5000 രൂപ, പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് ഉറപ്പും; കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

പൗരത്വ നിയമ ഭേദഗതിയെ സുപ്രീം കോടതിയില്‍ ചോദ്യംചെയ്യും.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. പ്രധാനമായും ഊന്നല്‍ നല്‍കുന്നത് തൊഴിലില്ലായ്മ തന്നെയാണ്. ബിരുധാരികള്‍ക്ക് തൊഴിലില്ലായ്മ വേതനമായി മാസം 5000 രൂപയും ബിരുദാനന്തര ബിരുദധാരികള്‍ക്ക് 7500 രൂപയും നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. കൂടാതെ പൗരത്വ പട്ടിക ഡല്‍ഹിയില്‍ നടപ്പാക്കില്ലെന്ന ഉറപ്പും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതിയെ സുപ്രീം കോടതിയില്‍ ചോദ്യംചെയ്യും. അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്ററും നിലവിലെ രീതിയില്‍ ഡല്‍ഹിയില്‍ നടപ്പാക്കില്ലെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര, നേതാക്കളായ അജയ് മാക്കന്‍, ആനന്ദ് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ന്യായ് യോജന പദ്ധതിയാണ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം. കൂടാതെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ബസ് യാത്ര, പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നഴ്സറിതലം മുതല്‍ പിഎച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം, എയിംസ് മാതൃകയില്‍ അഞ്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, മലിനീകരണ നിയന്ത്രണത്തിനായി ബജറ്റിന്റെ 20 ശതമാനം നീക്കിവെയ്ക്കും. 200 യൂണിറ്റ് വരെ എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി തുടങ്ങിയവയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Exit mobile version