കേരളത്തിലും കൊറോണ! ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് വൈറസ് സ്ഥിരീകരിച്ചു

കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. എവിടെയാണ് വിദ്യാര്‍ത്ഥി ചികിത്സയിലുള്ളത് എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായി നേപ്പാളിലും ശ്രീലങ്കയിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റിപ്പോര്‍ട്ടിന് പിന്നാലെ ആരോഗ്യ മന്ത്രി കെകെ ശൈലജ തലസ്ഥാനത്ത് ഉന്നത തല യോഗം വിളിച്ചു.

ആരോഗ്യമന്ത്രി അല്‍പസമയത്തിനകം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നതിനെക്കുറിച്ചും, ഇനിയെന്ത് നടപടികളാണ് സ്വീകരിക്കാനിരിക്കുന്നത് എന്നതിനെക്കുറിച്ചും വിശദീകരിക്കും.

Exit mobile version