യുപി പ്രക്ഷോഭത്തിന് കേരളത്തിലെ പോപ്പുലർ ഫ്രണ്ട് പണം നൽകിയെന്ന് ഇ.ഡി;നിഷേധിച്ച് കപിൽ സിബൽ; ഒരുകാലത്തും പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിര ജെയ്‌സിങ്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ഇന്ദിര ജെയ്‌സിങും. പ്രക്ഷോഭത്തിന് സാമ്പത്തിക സഹായം നൽകാനുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായി മുതിർന്ന അഭിഭാഷകർ പണം വാങ്ങിയെന്ന ആരോപണം ചില മാധ്യമങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇരുവരും ആരോപണം നിഷേധിച്ചത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽനിന്ന് തനിക്ക് പണം കൈമാറിയിട്ടുണ്ടെന്ന് സിബൽ സമ്മതിച്ചു. എന്നാൽ, അത് ഹാദിയ കേസിൽ ഹാജരായതിന്റെ വക്കീൽ ഫീസായ 77 ലക്ഷം രൂപയാണെന്ന് അദ്ദേഹം വിശദീകരിച്ചു. 2017 ഓഗസ്റ്റ് നാലിനും 2018 മാർച്ച് എട്ടിനുമാണ് പണം കൈമാറിയത്. 2018 മാർച്ചിന് മുമ്പായി മുഴുവൻ തുകയും ലഭിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതിനിടെ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിൽനിന്ന് ഒരുകാലത്തും പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിര ജെയ്‌സിങ് വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ പണം വാങ്ങിയെന്ന ആരോപണം അവർ നിഷേധിച്ചു.

നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തിന് കേരളത്തിലെ പോപ്പുലർ പ്രണ്ട് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായം ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പറഞ്ഞെന്നായിരുന്നു ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ.

എന്നാൽ ആരോപണം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും നിഷേധിച്ചു. 2017 ലെ ഹാദിയ കേസിൽ ഹാജരായ അഭിഭാഷകർക്കാണ് പണം നൽകിയതെന്നും അല്ലാതെ മറ്റൊന്നിനും പണം നൽകിയിട്ടില്ലെന്നും അവർ വിശദീകരിച്ചു.

Exit mobile version