പെരിയാറിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; രജനീകാന്തിനെതിരെ പ്രതിഷേധം ശക്തമാക്കി പെരിയാര്‍ ദ്രാവിഡ കഴകം

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ രജനീകാന്തിനെതിരെ പ്രതിഷേധം ശക്തമാക്കി പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍. താരത്തിനെതിരെ പ്രത്യക്ഷസമരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍. പ്രതിഷേധം ശക്തമായതോടെ താരത്തിന്റെ പോയസ് ഗാര്‍ഡനിനെ വസതിക്ക് സമീപം കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം പെരിയാറിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രജനീകാന്ത്. 1971 ലെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയത്. അതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് രജനീകാന്ത് വ്യക്തമാക്കിയത്.

1971 ല്‍ അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി ശ്രീരാമന്റെയും സീതയുടെയും നഗ്ന ചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്ന രജനീകാന്തിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജനുവരി 14ന് ചെന്നൈയില്‍ നടന്ന തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയിലാണ് താരം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. അതേസമയം താരത്തെ വിമര്‍ശിച്ച് ഡിഎംകെ പ്രസിഡന്റ് സ്റ്റാലിനും രംഗത്ത് എത്തിയിരുന്നു. രജനീകാന്ത് ജനങ്ങള്‍ക്ക് മുമ്പില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തുമ്പോള്‍ ചിന്തിക്കണമെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം

Exit mobile version