യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി സൊമാറ്റോ; യൂബര്‍ ഈറ്റ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്ഫോം വഴി

ഇനി മുതല്‍ യൂബര്‍ ഈറ്റ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സൊമാറ്റോയുടെ പ്ലാറ്റ്ഫോം വഴിയാണ് നടക്കുക

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ദാതാക്കളായ യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി സൊമാറ്റോ. ഏകദേശം 35 കോടി ഡോളറിന്റെ ഇടപാടാണ് സൊമാറ്റോ യൂബര്‍ ഈറ്റ്സിനെ സ്വന്തമാക്കിയതിലൂടെ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി യൂബര്‍ ഈറ്റ്‌സ് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്.

ഇനി മുതല്‍ യൂബര്‍ ഈറ്റ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സൊമാറ്റോയുടെ പ്ലാറ്റ്ഫോം വഴിയാണ് നടക്കുക. യൂബര്‍ ഈറ്റ്സിന്റെ ആപ്പും ഇതിനോടകം തന്നെ സൊമാറ്റോയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം യൂബറിന് സൊമാറ്റോയില്‍ പത്ത് ശതമാനം ഓഹരി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

യൂബര്‍ ഈറ്റ്സ് ഇന്ത്യ 2017-ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ സൊമാറ്റോയും സ്വിഗ്ഗിയും പോലുള്ള പ്രാദേശിക ഓണ്‍ലൈന്‍ ഫുഡ് ദാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചത് യൂബര്‍ ഈറ്റ്സിന് മറികടക്കാന്‍ സാധിച്ചിരുന്നില്ല. ദക്ഷിണേഷ്യയില്‍ വന്‍ നഷ്ടമാണ് യൂബര്‍ ഈറ്റ്‌സിന് ഉണ്ടായത്. ഈ നഷ്ടം നികത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 6 ബില്യണ്‍ ഡോളറിന് തെക്കുകിഴക്കന്‍ ഏഷ്യ ആസ്ഥാനമായുള്ള ബിസിനസ് ഗ്രാബിന് വിറ്റിരുന്നു. യൂബര്‍ സൊമാറ്റയോട് ചേരുന്നതോടെ
പതിനഞ്ച് ശതകോടി ഡോളറിന്റെ കച്ചവടമെങ്കിലും ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് നടക്കുമെന്നാണ് യൂബറിന്റെ പുതിയ പ്രതീക്ഷ.

Exit mobile version