നിര്‍ഭയ കേസ്; പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ തനിക്ക് പതിനെട്ട് വയസ് തികഞ്ഞിരുന്നില്ലെന്നായിരുന്നു പവന്‍ ഗുപ്തയുടെ ഹര്‍ജിയിലെ വാദം. അതുകൊണ്ട് തന്നെ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

പവന്‍ ഗുപ്തയുടെ ഈ ആവശ്യം നേരത്തേ ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. അതുകൊണ്ട് തന്നെ ഹൈക്കോടതി പരിഗണിച്ച കാര്യങ്ങള്‍ വീണ്ടും കേള്‍ക്കേണ്ടെന്നും പ്രായപൂര്‍ത്തി സംബന്ധമായ കേസ് 2018ല്‍ തള്ളിയതാണെന്നും കേസ് അനന്തമായി നീട്ടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

നിര്‍ഭയ കേസിലെ മറ്റൊരു കുറ്റവാളി മുകേഷ് സിംഗിന്റെ ദയാഹര്‍ജി കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് നിര്‍ഭയ കേസിലെ നാല് കുറ്റവാളികളെയും തൂക്കിക്കൊല്ലാനാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.

Exit mobile version