ബിജെപിയുടെ തലപ്പത്തേക്ക് നഡ്ഡ?; പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഷായുടെ കൈകളില്‍ തന്നെ

ന്യൂഡല്‍ഹി: ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും അമിത് ഷാ ഒഴിയുന്ന പശ്ചാത്തലത്തില്‍ പുതിയ അധ്യക്ഷനായി ജെപി നഡ്ഡ എത്താന്‍ സാധ്യത. പുതിയ അധ്യക്ഷനെ തിങ്കളാഴ്ചയാണ് തെരഞ്ഞെടുക്കുക.പാര്‍ട്ടി ദേശീയാസ്ഥാനത്ത് രാവിലെ 10-നു തെരഞ്ഞെടുപ്പുനടപടി തുടങ്ങും. അധ്യക്ഷപദവിയൊഴിയുമെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അമിത് ഷായുടെ കൈയില്‍ത്തന്നെയാകും.

അഞ്ചുവര്‍ഷത്തിനുശേഷമാണ് അമിത് ഷാ അധ്യക്ഷസ്ഥാനത്ത് നിന്നും ഒഴിയുന്നത്. ഈ പദവിയിലേക്ക് വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയെ ഏകകണ്ഠമായി തെരഞ്ഞെടുക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് നഡ്ഡയ്ക്കായി നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കും. രണ്ടുമണിക്ക് സൂക്ഷ്മപരിശോധന നടക്കും. മറ്റാരും പത്രിക നല്‍കിയില്ലെങ്കില്‍ നഡ്ഡയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കും.

നഡ്ഡ അധ്യക്ഷനായാലും ബിജെപിയുടെ കടിഞ്ഞാണ്‍ അമിത്ഷായുടെ കൈകളില്‍ തന്നെയാകും. പാര്‍ട്ടിയുടെ നയങ്ങളിലോ നിലപാടുകളിലോ മാറ്റമുണ്ടാകില്ല. മോദി ഷാ കൂട്ടുകെട്ടിന്റെ ഭാഗമായ നഡ്ഡ ‘നിശ്ശബ്ദനായ സംഘാടകന്‍’ എന്നാണ് പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടുന്നത്.

Exit mobile version