ക്രൂരതയുടെ പര്യായമായി യുപി പോലീസ്; പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്ത സ്ത്രീകളുടെ ഭക്ഷണവും പുതപ്പും പിടിച്ചെടുത്തു

ലഖ്നൗ: ഡൽഹിയിലെ ഷഹീൻ ബാഗിലെ സമരത്തിനു സമാനമായി സ്ത്രീകൾ നടത്തുകയായിരുന്ന സമരത്തിന് നേരെ ഉത്തർപ്രദേശ് പോലീസിന്റെ ക്രൂരത. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത സ്ത്രീകളുടെ പക്കൽനിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്താണ് പോലീസ് അതിക്രമം കാണിച്ചത്. ലഖ്നൗവിനു സമീപം ഘങ്ടാഘർ മേഖലയിൽ സമരം ചെയ്ത സ്ത്രീകളോടായിരുന്നു പോലീസിന്റെ മോശമായ പെരുമാറ്റമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

പൗരത്വ ഭേദഗതിയെ ശക്തമായി പിന്തുണയ്ക്കുന്ന യുപി സർക്കാർ പോലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്തുന്നതാണ് തുടക്കം മുതൽ സംസ്ഥാനത്ത് ദൃശ്യമായിരുന്നത്. പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടാവുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് പോലീസ് സ്ത്രീകളുടെ സമരത്തേയും ശക്തിയുപയോഗിച്ച് ഒതുക്കാൻ ശ്രമിക്കുന്നത്.

പോലീസ് അതിക്രമമുണ്ടായത് ശനിയാഴ്ച വൈകുന്നേരമാണ്. ഡൽഹിയിലെ ഷഹീൻബാഗിലേതിനു സമാനമായി അഞ്ഞൂറോളം സ്ത്രീകളും കുട്ടികളുമാണ് ഘങ്ടാഘറിൽ പ്രതിഷേധവുമായെത്തിയത്. പോലീസുകാർ ഭക്ഷണവും പുതപ്പും പിടിച്ചെടുത്തതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുമായി പോലീസുകാർ പോലീസ് വാനിനു സമീപത്തേക്കു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനെതിരെ സോഷ്യൽമീഡിയയിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Exit mobile version