‘ഐ സപ്പോര്‍ട്ട് സിഎഎ’; പൗരത്വ നിയമത്തെ പിന്തുണച്ചുള്ള കല്ല്യാണക്കുറിയുമായി വരന്‍

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുള്ള വിവാഹ ക്ഷണക്കത്തുമായി വരന്‍. മധ്യപ്രദേശ് സ്വദേശിയായ പ്രഭാതാണ് തന്റെ കല്യാണത്തിന് പൗരത്വ ഭേദഗതിയെ പിന്തുണയ്ക്കുന്നു എന്ന് എഴുതിയ വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. ഇന്ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണ കത്തിലാണ് സിഎഎയെ ഞാന്‍ പിന്തുണയ്ക്കുന്നു എന്ന് എഴുതിയിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു ഉദ്യമത്തിന് തയ്യാറായതെന്നാണ് വരനായ പ്രഭാത് പറയുന്നത്. സിഎഎയെ പിന്തുണയ്ക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കല്യാണ കുറികളാണ് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയത്. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും നിയമത്തിലെ വസ്തുതകള്‍ ജനങ്ങളെ മനസ്സിലാക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും പ്രഭാത് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയോടുളള പിന്തുണ രേഖപ്പടുത്തിയ കല്യാണ കുറിക്ക് സമ്മിശ്ര പ്രതികരണമാണ്സോഷ്യല്‍ മീഡിയയയില്‍ നിന്ന് ലഭിക്കുന്നത്. കല്യാണങ്ങള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനുളള വേദിയാക്കി മാറ്റിയ നിരവധി സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവുമധികം സ്വരം ഉയര്‍ത്തുന്ന കേരളത്തിലാണ് ഇത്തരത്തിലുളള വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ ഏറ്റവുമധികം അരങ്ങേറിയത്. ഇത്തരം കല്യാണങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ കിട്ടിയത്.

Exit mobile version