ഇനി രാത്രി ഇറങ്ങി നടന്നാല്‍ പോലീസിന് എന്ത് നടപടിയും സ്വീകരിക്കാമെന്ന് ഒപ്പിട്ട് വാങ്ങിച്ചു; ബെംഗളൂരില്‍ പോലീസ് മര്‍ദ്ദിച്ചത് കണ്ണൂര്‍ സ്വദേശിയായ മൂന്ന് വിദ്യാര്‍ത്ഥികളെ

ബെംഗളൂരു: ബെംഗളൂരില്‍ പോലീസ് മര്‍ദ്ദിച്ചത് കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥികളെ. രാത്രി ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യലും തുടര്‍ന്നുള്ള മര്‍ദ്ദനവും. മൂന്ന് വിദ്യാര്‍ത്ഥികളെയാണ് പോലീസ് മര്‍ദ്ദിച്ചത്.

കണ്ണൂര്‍ സ്വദേശിയായ യുവാവിനും സഹോദരനും സുഹൃത്തിനുമാണ് മര്‍ദ്ദനമേറ്റത്.
ബെംഗളൂരുവില്‍ തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഫ്‌ളാറ്റിന് സമീപത്തുള്ള കടയിലേക്ക് ചായ കുടിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളെ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്ത് ശേഷം കുട്ടികളില്‍ നിന്നും രേഖകളും ആവശ്യപ്പെട്ടു.

തിരിച്ചറിയല്‍ രേഖ പരിശോധിച്ചപ്പോള്‍ ഇവര്‍ മുസ്ലീമാണെന്ന് വ്യക്തമായതോടെ നിങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളവരാണോയെന്ന് പോലീസ് ചോദിക്കുകയായിരുന്നു. സമീപകാലത്ത് തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പോലീസിനെ വിളിച്ച് വരുത്തി വിദ്യാര്‍ത്ഥികളെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ലോക്കപ്പിലിട്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ രക്ഷിതാവ് വന്നതിന് ശേഷമാണ് ഇവരെ പുറത്തുവിട്ടത്.

അതേസമയം പോലീസ് മര്‍ദ്ദനത്തില്‍ മൂന്ന് പേര്‍ക്കും പരിക്കുണ്ട്. സ്റ്റേഷന്‍ വിടും മുന്‍പ് ഇനി രാത്രിയില്‍ ഇറങ്ങി നടക്കില്ലെന്നും നടന്നാല്‍ പോലീസിന് എന്ത് നടപടിയും സ്വീകരിക്കാമെന്നും ഒപ്പിട്ട് വാങ്ങിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്ന പേരില്‍ 500 രൂപ പിഴയും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയിട്ടുണ്ട്. കന്നഡയില്‍ എഴുതിയ മറ്റൊരു രേഖയിലും ഒപ്പിടാന്‍ ആവശ്യപ്പെട്ടതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഡിസിപി അന്വേഷണത്തിന് ഉത്തരവിട്ടു.

Exit mobile version