നിങ്ങള്‍ പാകിസ്താന്‍കാരാണോ; രാത്രി മലയാളി വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ പാകിസ്താന്‍കാരെന്ന് വിളിച്ച് പോലീസ് മലയാളി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. രാത്രി ചായ കുടിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളെയാണ് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഈസ്റ്റ് ബെംഗളൂരുവിലാണ് സംഭവം. മൂന്ന് മലയാളി വിദ്യാര്‍ത്ഥികളാണ് പോലീസ് മര്‍ദ്ദനത്തിന് ഇരയായത്.

രാത്രി വിദ്യാര്‍ത്ഥികളെ റോഡില്‍ കണ്ട പോലീസ് ചോദ്യം ചെയ്ത് അടുത്ത് വരുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. രേഖ പരിശോധിച്ച ശേഷം മുസ്ലിങ്ങള്‍ ആണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ പാകിസ്താനില്‍ നിന്നാണോ എന്ന് ചോദിക്കുകയായിരുന്നു. സംഭവം വിദ്യാര്‍ത്ഥകള്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞുവെന്നും ഫോണ്‍ താഴെ വെക്കാന്‍ ആവശ്യപ്പെട്ടുവെന്നും ദേശീയ മാധ്യമം പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്.

തുടര്‍ന്ന് സംഭവ സ്ഥലത്തേക്ക് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പോലീസുകാരെ വിളിച്ച് വരുത്തി വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചു. പുലര്‍ച്ചെ 3.30ഓടെ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ രക്ഷിതാവ് വന്നതിന് ശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്.

ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവത്തിന്റെ വിശദ വിവരം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഡിപി ഉത്തരവിട്ടു. അതേസമയം സ്റ്റേഷനില്‍ നിന്ന് വിട്ടയ്ക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പോലീസ് അര്‍ധരാത്രിയില്‍ പുറത്തിറങ്ങി നടക്കില്ലെന്ന് എഴുതി വാങ്ങിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.

രാത്രി ഇറങ്ങിനടന്നാല്‍ ഏത് തരത്തിലുള്ള നടപടിയും സ്വീകരിക്കാമെന്ന രേഖയിലാണ് ഒപ്പുവെപ്പിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കുമെന്നും ഇന്റേണ്‍ഷിപ്പ് തടസ്സപ്പെടുത്തുമെന്നും പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Exit mobile version