ഗുജറാത്തിന് പിന്നാലെ മധ്യപ്രദേശിലും ശിശുമരണം; പതിമൂന്ന് മണിക്കൂറിനുള്ളില്‍ മരിച്ചത് ആറുകുട്ടികള്‍

ഭോപ്പാല്‍: ഗുജറാത്തിലെ കോട്ടയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ശിശുമരണം. കഴിഞ്ഞ പതിമൂന്ന് മണിക്കൂറിനുള്ളില്‍ ആറ് പിഞ്ചുകുഞ്ഞുങ്ങളാണ് ശാഹ്ഡോളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ആദിവാസി ഊരില്‍ നിന്നുള്ള ശിശുക്കളാണ് മരിച്ചത്. ശിശുമരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി തുളസി സിലാവത്ത് ഉത്തരവിട്ടു.

ജനുവരി 13 ന് ഉച്ചയ്ക്ക് ഒരുമണിയ്ക്കും ജനുവരി 14 പുലര്‍ച്ചെ നാലുമണിക്കും ഇടയിലാണ് ആറ് കുഞ്ഞുങ്ങളുടെ മരണം സംഭവിച്ചത്. ഒരു ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞു മുതല്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞുവരെ മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. ജനനശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് രണ്ട് കുഞ്ഞുങ്ങളെ ശാഹ്ഡോളിലെ ആശുപത്രിയില്‍ എത്തിച്ചത്.

കുഞ്ഞുങ്ങളെ ഉടന്‍ തന്നെ ആശുപത്രിയിലെ സിക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല എന്നാണ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസറായ ഡോ. രാജേഷ് പാണ്ഡെ അറിയിച്ചത്. ബാക്കി നാലുപേരെ ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇവരില്‍ മൂന്നുപേരെയും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ നാലാമത്തെ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നെന്നും കുട്ടിയെ രക്ഷിക്കാന്‍ 40 മിനിട്ടോളം ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെന്നും ഡോ. രാജേഷ് പാണ്ഡെ വ്യക്തമാക്കി. അതേസമയം മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയും കുട്ടികള്‍ മരിക്കാന്‍ കാരണം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ എന്നാണ് പ്രാഥമികമായി അന്വേഷിക്കുന്നത്.

Exit mobile version