‘ നാനാത്വത്തില്‍ ഏകത്വം എന്താണെന്ന് അന്വേഷിക്കുന്ന ലോകത്തിന് മുമ്പില്‍ ഇന്ത്യ വഴികാട്ടിയാകണം’ ; ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്

ഡല്‍ഹിയില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി: നാനാത്വത്തില്‍ ഏകത്വം എന്താണെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഡല്‍ഹിയില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങള്‍ തെരയുന്നവരല്ല നമ്മളെന്നും മറിച്ച് ബഹുസ്വരതക്കിടയിലും ഐക്യമുണ്ടെന്ന് മനസ്സിലാക്കുന്നവരാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പ്രപഞ്ചത്തില്‍ വൈവിധ്യമുണ്ടെന്നുള്ളത് അംഗീകരിക്കേണ്ട ഒന്നാണ്. ഏകത്വത്തില്‍ നിന്നാണ് വൈവിധ്യങ്ങളുണ്ടായതെന്ന അറിവില്‍ ജീവിക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹൈദരാബാദില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുസമൂഹമാണെന്ന് ഭാഗവത് പറഞ്ഞിരുന്നു. ആര്‍എസ്എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിക്കുകയാണെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി കണ്ട് സ്‌നേഹിക്കുന്നവരാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏത് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഏത് മതവിശ്വാസം പിന്തുടരുന്നവരാണെങ്കിലും ആരാധന നടത്തുന്നവരാണെങ്കിലും, അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു.

Exit mobile version