‘ഇവിടെ മീറ്റിങ്ങ് നടക്കുകയാണ് വേറെ വഴി പോകൂ’; ആംബുലന്‍സിന്റെ വഴി തടഞ്ഞ് ബിജെപി അധ്യക്ഷന്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊല്‍ക്കത്ത; ആംബുലന്‍സിന്റെ വഴി തടഞ്ഞ് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബിജെപി റാലി നടക്കുന്ന സ്ഥലത്തേക്ക് വന്ന ആംബുലന്‍സാണ് ദിലീപ് ഘോഷ് തടഞ്ഞത്. ആംബുലന്‍സ് തടയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഈ മാസം എട്ടാം തീയതി ബംഗാളിലെ നദിയ ജില്ലയില്‍ റാലിക്കിടെ നടന്ന സംഭവത്തിന്റേതാണ് വീഡിയോ.ബിജെപി റാലിക്കിടെ അതുവഴി വന്ന ആംബുലന്‍സ് തടയുകയും വഴി മാറിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ‘ഇവിടെ മീറ്റിങ്ങ് നടക്കുകയാണ് വേറെ വഴി പോകൂ…’ എന്ന് ദിലീപ് ഘോഷ് പറയുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

സംഭവം വിവാദമായതോടെ, ബിജെപിയുടെ റാലി അലങ്കോലമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അയച്ചതാണ് ആംബുലന്‍സ് എന്നാണ് ദിലീപ് ഘോഷിന്റെ ന്യായീകരണം.

അതെസമയം, അത്യാവശ്യ ഘട്ടത്തിലാണെങ്കില്‍ ആംബുലന്‍സിന് റോഡിലെ തിരക്കുകളോ വാഹനങ്ങളോ പരിഗണിക്കേണ്ടതില്ല എന്നാണ് നിയമം. സൈറന്‍ മുഴക്കി വരുന്ന ആംബുലന്‍സിന് വഴി നല്‍കണമെന്നാണ് നിയമം. ആംബുലന്‍സ് കൂടാതെ അടിയന്തര വാഹനങ്ങള്‍ക്കും വഴി നല്‍കണമെന്നും നിയമം ഉണ്ട്. ഇതെല്ലാം നില നില്‍ക്കേയാണ് ബിജെപി നേതാവ് ആംബുലന്‍സ് തടഞ്ഞത്.

Exit mobile version