ഡിഎസ്പി കടത്താൻ ശ്രമിച്ച ഭീകരർ ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ദേവീന്ദർ സിങ് 12 ലക്ഷം കൈപ്പറ്റിയെന്നും ഇന്റലിജൻസ്

ന്യൂഡൽഹി: ഡിഎസ്പിക്കൊപ്പം സഞ്ചരിക്കുന്നതിനിടെ പിടിയിലായ ഹിസ്ബുൾ ഭീകരർ റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ. തീവ്രവാദികളെ കടത്തുന്നതിനായി ഡിഎസ്പി ദേവീന്ദർ സിങ് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് ജമ്മു കശ്മീർ ഐജി അറിയിച്ചു. ബാനിഹാൾ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദർ സിങ് ഭീകരരിൽ നിന്ന് പണം വാങ്ങിച്ചത്. പോലീസ് വാഹനത്തിൽ ഭീകരർ സഞ്ചരിക്കുമ്പോൾ പിടിക്കപ്പെടില്ലെന്നായിരുന്നു ഇവരുടെ ആത്മവിശ്വാസം.

അതേസമയം, ഹിസ്ബുൾ ഭീകരർക്കൊപ്പം ജമ്മുകാശ്മീരിലെ പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം എൻഐഎ അന്വേഷിക്കും. അറസ്റ്റിലായ ഡിഎസ്പി ദേവീന്ദർ സിങിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ശനിയാഴ്ചയാണ് രണ്ട് ഹിസ്ബുൾ ഭീകരരെ ഡൽഹിയിലേക്ക് കാറിൽ കടത്തുന്നതിനിടെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദർ സിങ് പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന ഹിസ്ബുൾ ഭീകരൻ നവീദ് ബാബുവിനെയും കൂട്ടാളിയേയും കാശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സഹായിക്കുകയായിരുന്നു.

രാഷ്ട്രപതിയിൽ നിന്നും ധീരതയ്ക്കുള്ള മെഡൽ വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദർ സിങ് കശ്മീർ താഴ്‌വരയിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഏറെ വിവാദങ്ങളിൽ പെട്ട് കിടക്കുന്ന പോലീസിന്റെ നുഴഞ്ഞുകയറ്റ വിരുദ്ധ വിഭാഗമാണ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്.

Exit mobile version