പൗരത്വ പ്രക്ഷോഭം; കോണ്‍ഗ്രസിന് തിരിച്ചടി! പ്രതിപക്ഷ യോഗത്തില്‍ മായാവതിയും മമതയും കെജരിവാളും പങ്കെടുക്കില്ല

യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബിഎസ്പിയും, തൃണമൂല്‍ കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും തീരുമാനിച്ചു.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ യോഗത്തിന് തിരിച്ചടി.

യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബിഎസ്പിയും, തൃണമൂല്‍ കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും തീരുമാനിച്ചു. ഇതോടെ കോണ്‍ഗ്രസിന് തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

യോഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബിഎസ്പി അധ്യക്ഷ മായാവതിയും പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടിയും വിട്ടുനിന്നിരുന്നു.

കോണ്‍ഗ്രസ്സുമായുള്ള ഭിന്നതയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഒരു പ്രതിനിധിയെപ്പോലും അയക്കേണ്ടതില്ലെന്നും സംയുക്ത പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും മായാവതിയും മമതയും കെജ്‌രിവാളും തീരുമാനിക്കുന്നത്.

പാര്‍ലമെന്റ് അനക്‌സില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. ശിവസേനയടക്കമുള്ള കക്ഷികളും യോഗത്തിന് എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, പൗരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്തി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്.

Exit mobile version