‘പശു ഒരു ദൈവികമായ മൃഗം, പശുവിനെ സ്പര്‍ശിക്കുന്നതിലൂടെ സ്‌നേഹം അനുഭവിക്കാം’; വിചിത്ര പ്രസ്താവനയുമായി കോണ്‍ഗ്രസ് മന്ത്രി

മുംബൈ: പശുവിനെ സ്പര്‍ശിക്കുകയാണെങ്കില്‍ നിഷേധാത്മകതയെ (negativity) അകറ്റിനിര്‍ത്താനാകുമെന്ന വിചിത്ര പ്രസ്താവനയുമായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രി യശോമതി ഠാക്കൂര്‍ രംഗത്ത്. പശു ഒരു ദൈവികമായ മൃഗമാണെന്നും പശുവിനെ സ്പര്‍ശിക്കുന്നതിലൂടെ നിഷേധാത്മകതയെ അകറ്റിനിര്‍ത്താനാകുമെന്ന് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി പറയുന്നുണ്ടെന്നും കോണ്‍ഗ്രസ് മന്ത്രി പറഞ്ഞു.

അമരാവതിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു യശോമതി ഠാക്കൂര്‍ വിചിത്ര പ്രസ്താവന നടത്തിയത്. നിങ്ങള്‍ ഒരു പശുവിനെ സ്പര്‍ശിക്കുകയാണെങ്കില്‍ നിഷേധാത്മകതയെ അകറ്റിനിര്‍ത്താനാകുമെന്നും ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി പറയുന്നുണ്ടെന്നുമായിരുന്നു അവര്‍ പറഞ്ഞത്. സംഭവം മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തതോടെ അവര്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

‘പശു ഒരു ദൈവികമായ മൃഗമാണ്. ഇനി പശുവോ അല്ലെങ്കില്‍ ഏത് മൃഗമോ ആയിക്കോട്ടെ, അവരെ സ്പര്‍ശിക്കുന്നിലൂടെ സ്‌നേഹം അനുഭവിക്കാം.’ ഇതുതന്നെയാണ് താന്‍ പറഞ്ഞതെന്നും അതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മന്ത്രി പുതിയ പ്രസ്താവനയുമായി ഇപ്പോള്‍ രംഗത്തെത്തിയത്.

Exit mobile version